Sunday, 15 September 2013

പാക്കിസ്ഥാനുമായും ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യുപിഎ ഭരണം പരാജയം: നരേന്ദ്ര മോദി



രേവാഡി (ഹരിയാന): ഭാരതത്തിന്റെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. അതിര്‍ത്തിയിലെ കുഴപ്പങ്ങള്‍ വെറും അതിര്‍ത്തി തര്‍ക്കങ്ങള്‍ മാത്രമല്ല, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ പിടിപ്പുകേടിനുള്ള പ്രത്യക്ഷതെളിവുകൂടിയാണെന്ന്‌ നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഈ സ്ഥാനത്തേക്കു നിയുക്തനായ ശേഷം നടന്ന ആദ്യ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം കേള്‍ക്കാന്‍ ലക്ഷത്തിലേറെ പേരാണ്‌ തടിച്ചുകൂടിയത്‌. അവിടെ ഇന്ത്യാ-പാക്‌ അതിര്‍ത്തി സംഘര്‍ഷം മുതല്‍ ചൈനയും ബര്‍മ്മയും നേപ്പാളുമുള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ മോദി വിചാരണ ചെയ്തു.

“പാക്കിസ്ഥാനില്‍ ഇപ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാരുണ്ട്‌. അവര്‍ സമാധാനപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നു നാം പ്രതീക്ഷവെച്ചു. പക്ഷേ, നമ്മുടെ സൈനികരെ കൊലപ്പെടുത്തുന്ന അവരുടെ രീതിയും പ്രവണതയും കാണുമ്പോള്‍ അവര്‍ സമാധാനം കൊതിക്കുന്നില്ലെന്നു തോന്നും,” മോദി പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷമായി ഭീകരപ്രവര്‍ത്തനം ആരെയും സഹായിച്ചിട്ടില്ലെന്ന ചരിത്രം ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു. ചൈനയിലെ അതിര്‍ത്തി പ്രശ്നം വാസ്തവത്തില്‍ അതിരിന്റെ തര്‍ക്കം കൊണ്ടല്ല, മറിച്ച്‌ ഇന്ത്യന്‍ തലസ്ഥാനത്തിരിക്കുന്നവരുടെ ദൗര്‍ബല്യം കൊണ്ടാണെന്നു മോദി വിമര്‍ശിച്ചു. 

“ദല്‍ഹിയില്‍ രാജ്യസ്നേഹികളുടെ സര്‍ക്കാര്‍ വേണം. അവര്‍ക്കേ ഇന്ത്യന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കാനാവൂ. അതിനു ദല്‍ഹിയില്‍ അധികാര മാറ്റം വേണം. അല്ലെങ്കില്‍ ഭീകരപ്രവര്‍ത്തനവും മാവോയിസ്റ്റ്‌ പ്രവര്‍ത്തനവും മൂലം നമ്മുടെ സൈനികര്‍ ഇനിയും കൊല്ലപ്പെടും,” മോദി ആശങ്ക പങ്കുവെച്ചു.

വിമുക്ത സൈനികരുടെ സംഘടന വിളിച്ചുചേര്‍ത്ത പരിപാടിയില്‍ തനിക്ക്‌ സൈനികരോടുള്ള ബഹുമാനവും അവരിലുള്ള അഭിമാനവും മോദി പങ്കുവെച്ചു. ഇന്ത്യന്‍ സൈനിക ശേഷിയേയും സൈനികരേയും കുറിച്ച്‌ ഏറെ സംസാരിച്ച അദ്ദേഹം, 2001-ല്‍ ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്നു വേണ്ടി വന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സൈന്യം എങ്ങനെ പങ്കാളിയായെന്നു വിവരിച്ചു. ഗുജറാത്തിലെ വൈദ്യുതി മോഷണം തടയാന്‍ സൈനികര്‍ എങ്ങനെ സഹായമായെന്നു വിവരിച്ച അദ്ദേഹം വിദ്യാര്‍ത്ഥിയായിരിക്കെ സൈനിക സ്കൂളില്‍ പ്രവേശനം കിട്ടാഞ്ഞപ്പോള്‍ മനസു വിഷമിച്ച പഴയ വൃത്താന്തം വിവരിച്ചു. “ഇന്ന്‌ സൈനികരെ അവമതിക്കുന്ന സമ്പ്രദായങ്ങള്‍ വന്നിരിക്കുന്നതിനാല്‍ യുവാക്കള്‍ സൈന്യത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നില്ല. ഈ പ്രവണത മാറ്റേണ്ടതുണ്ട്‌. ഇന്നിപ്പോള്‍ സൈബര്‍ യുദ്ധമാണ്‌ നടക്കുന്നത്‌. അതില്‍ പങ്കെടുക്കാന്‍ നമുക്ക്‌ യുവാക്കളെയും സൈനികരേയും വേണം. ദല്‍ഹിയിലെ സര്‍ക്കാര്‍ അതിനു സജ്ജരാകണം.” മോദി പറഞ്ഞു.

No comments:

Post a Comment