Sunday, 15 September 2013

മോദിയെന്ന വിജയതാരകംബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചത്‌ അപ്രതീക്ഷിതമായിരുന്നില്ല. ഇതിനായി പാര്‍ട്ടിയില്‍ പലതലത്തിലും തരത്തിലും കൂടിയാലോചനകള്‍ നടന്നപ്പോള്‍ തന്നെ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെയാകും ബിജെപിയുടെയും ദേശീയ ജനാധിപത്യസഖ്യത്തിന്റെയും വിജയതാരകമെന്ന്‌ വ്യക്തമായതാണ്‌. ഇത്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ അനകൂലമായും പ്രതികൂലമായും ഉയര്‍ന്ന പ്രകമ്പനങ്ങള്‍ തുടരുകയാണ്‌. ബിജെപി ഏത്‌ നേതാവിനെ മുന്‍നിര്‍ത്തിയാലും പ്രതിയോഗികള്‍ അത്‌ രാഷ്ട്രീയക്കാരായാലും മാധ്യമങ്ങളായാലും പൂച്ചെണ്ട്‌ നല്‍കാന്‍ പോകുന്നില്ല. വാജ്പേയിയും അദ്വാനിയും നരേന്ദ്രമോദിയുമെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌. അവരില്‍ അകല്‍ച്ച സൃഷ്ടിക്കാനും തീരുമാനങ്ങള്‍ അട്ടിമറിക്കാനും ബാഹ്യശക്തികള്‍ എത്ര തന്നെ കിണഞ്ഞു ശ്രമിച്ചാലും അവര്‍ക്ക്‌ ആഹ്ലാദിക്കാന്‍ അവസരം ലഭിക്കില്ല. വാജ്പേയിയേയും അദ്വാനിയേയും രണ്ടു തട്ടിലാക്കി തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവര്‍ നിരാശരായി പിന്മാറേണ്ടിവന്നതാണ്‌ ചരിത്രം. അതുതന്നെ ഇപ്പോഴും സംഭവിക്കുമെന്നുറപ്പാണ്‌. നരേന്ദ്രമോദിക്ക്‌ രാഷ്ട്രീയം പിന്തുടര്‍ച്ചാവകാശമായി ലഭിച്ചതല്ല. അദ്ദേഹത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്‌ കര്‍മ്മശേഷി നേതൃപാടവവും തെളിയിച്ചതുകൊണ്ടാണ്‌. രാജ്യത്തിന്‌ ഇന്ന്‌ ആവശ്യം ചങ്കുറപ്പുള്ള രാഷ്ട്രീയ നേതൃത്വമാണ്‌. അതിനുവേണ്ടിയുള്ള അന്വേഷണം നരേന്ദ്രമോദിയില്‍ ചെന്നെത്തിയത്‌ സ്വാഭാവികമാണ്‌. 

തീരുമാനമെടുക്കാനും എടുക്കുന്ന തീരുമാനം നടപ്പാക്കാനുമുള്ള ഇച്ഛാശക്തിയുമുണ്ടെന്ന്‌ ഗുജറാത്തിലെ ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട്‌ അദ്ദേഹം തെളിയിച്ചു. അഴിമതിയെന്നത്‌ ഗുജറാത്തില്‍ കേട്ടുകേള്‍വി മാത്രമാക്കി. രാഷ്ട്രീയ നേതൃത്വം മാത്രമല്ല ഉദ്യോഗസ്ഥ മണ്ഡലത്തിലും അഴിമതി എന്നൊരു വാക്കില്ല. ലോകത്ത്‌ തന്നെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനം ഗുജറാത്തായത്‌ നരേന്ദ്രമോദിയുടെ മികവുകൊണ്ടാണെന്നതില്‍ രണ്ടുപക്ഷമില്ല. പ്രതിയോഗികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ എത്ര കടുത്തതായാലും അതിജീവിക്കാനുള്ള കരുത്ത്‌ അതാണ്‌ നരേന്ദ്രമോദിയുടെ വ്യക്തിത്വത്തെ വേറിട്ടതാക്കുന്നത്‌. ലോകം തങ്ങളുടെ കാല്‍ക്കീഴിലാണെന്ന്‌ അഹങ്കരിക്കുന്ന പാശ്ചാത്യസാമ്രാജ്യത്വം പത്തു വര്‍ഷമാണ്‌ മോദിയെ അകറ്റി നിര്‍ത്തിയത്‌. ഒടുവില്‍ അവര്‍ക്ക്‌ നാണംകെട്ട്‌ കീഴടങ്ങേണ്ടി വന്നു. ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണര്‍ ജയിംസ്‌ ബേവന്‍ മോദിയുടെ ഓഫീസില്‍ നേരിട്ടെത്തി യൂറോപ്യന്‍ യൂണിയന്റെ കീഴടങ്ങല്‍ സമ്മതിച്ചു. പുതിയ സാമ്പത്തിക സഹകരണത്തിനുള്ള ചര്‍ച്ചകള്‍ക്കും യൂറോപ്പ്‌ തയ്യാറായി. ഒരപേക്ഷകനല്ലാത്ത മോദിക്ക്‌ വിസ നിഷേധിക്കുമെന്ന അമേരിക്കയുടെ നിലപാട്‌ അപഹാസ്യമാണ്‌. അമേരിക്കയുടെ ആശ്രയമില്ലാതെ സാമ്പത്തിക ഭദ്രതയും സല്‍ഭരണവും നടത്താന്‍ കഴിയുമെന്ന്‌ തെളിയിച്ച വാജ്പേയിയുടെ പിന്‍ഗാമിയാണ്‌ നരേന്ദ്രമോദി. പൊഖ്‌റാനില്‍ വിജയകരമായി അണുപരീക്ഷണം നടത്തിയതിന്റെ പേരില്‍ ഭാരതത്തിനെതിരെ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പരാജയപ്പെടുകയായിരുന്നു. 

കാല്‍നൂറ്റാണ്ടുമുമ്പ്‌ ബിജെപിയില്‍ അംഗമായ മോദി 1995 ല്‍ ഗുജറാത്തില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കഠിനപ്രയത്നംതന്നെയാണ്‌ നടത്തിയത്‌. ഗുജറാത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ മോദി വഹിച്ച പങ്ക്‌ ശ്രദ്ധേയമായിരുന്നു. 2001 ല്‍ ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന്‌ 20000ലേറെപ്പേര്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതോടെ മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ രാജിവക്കുകയായിരുന്നു.
തുടര്‍ന്ന്‌ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തിനെ ഇന്ത്യയിലെ മാതൃകാ സംസ്ഥാനമാക്കി വളര്‍ത്തിയെടുത്ത്‌ അദ്ദേഹം തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. 2002 ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപം മോദിക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമം തുടുരുമ്പോഴും ഗുജറാത്ത്‌ ജനത തുടര്‍ച്ചയായി മൂന്നാം വട്ടവും വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ ഭരണമേല്‍പ്പിച്ചത്‌ കുപ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടിയായി. ഗുജറാത്തിലെ ജനങ്ങളില്‍ ഇന്ന്‌ പകയില്ല വിദ്വേഷമില്ല അകല്‍ച്ചയുമില്ല. ഇല്ലാത്ത കാര്യങ്ങള്‍ക്ക്‌ ചായംതേച്ച്‌ നരേന്ദ്രമോദിയെയും ബിജെപിയെയും വികൃതമാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അതല്ല വജയിക്കാന്‍ പോകുന്നതെന്ന്‌ കാലം തെളിയിക്കാന്‍ 

പോവുകയാണ്‌.

No comments:

Post a Comment