ടി .വി .ആര്‍ .ഷേണായ്
തിരുപ്പതിയില്‍ ഒരു ആരാധനാലയംതന്നെ സ്വന്തമായുള്ള
വിശ്വക്‌സേന ആരായിരുന്നു?
ആ പുണ്യഭൂമിയുടെ ഓഡിറ്റര്‍ ജനറലായിരുന്നെന്നാണ് ലളിതമായ ഉത്തരം. ഐതിഹ്യങ്ങളില്‍ ചിലയിടത്ത് അദ്ദേഹം വൈകുണ്ഠത്തിന്റെതന്നെ കണക്കപ്പിള്ളയായിരുന്നെന്നും പറയുന്നുണ്ട്. ഏതായാലും വിശ്വക്‌സേന ഓഡിറ്ററും ഒപ്പം ജനറലുമായിരുന്നെന്നുവേണം പറയാന്‍. അതായത് സമാധാനകാലത്ത് ഖജനാവിന്റെ സൂക്ഷിപ്പുകാരനും യുദ്ധകാലത്ത് സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫും.
ഇന്ത്യയിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുപ്പതിയെന്നാണ് കാലങ്ങളായി കരുതപ്പെട്ടിരുന്നത്. എന്നാല്‍, സത്യത്തില്‍ ആ കിരീടം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന വിവരം അല്പം അമ്പരപ്പോടെയാണ് കേട്ടത്. ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ ഈ ക്ഷേത്രത്തിലെ മഹാനിധി സൂക്ഷിപ്പുകാരനായി 21-ാം നൂറ്റാണ്ടില്‍ ഏത് വിശ്വക്‌സേനയാണ് അവതരിക്കുക?
ഭരണഘടനാപരമായി പറയുകയാണെങ്കില്‍ വി.എസ്. ശിവകുമാറിനാണ് ആ ചുമതല. കേരളസര്‍ക്കാറിന്റെ പോര്‍ട്ടലില്‍ പറയുന്നപ്രകാരം അദ്ദേഹമാണ് ദേവസ്വംമന്ത്രി(ദേവസ്വംവകുപ്പും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയും ഒരേ മന്ത്രിക്കുതന്നെ നല്‍കിയതിന്റെ കാരണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരിക്കും). ദേവസ്വത്തിന് മന്ത്രിയുണ്ടെങ്കിലും ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്.
തീര്‍ച്ചയായും അതൊരു പുതിയ വികാസപരിണാമമാണ്. പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ ഭരണാധികാരികളായ രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ്. കഴിഞ്ഞവര്‍ഷം പി.സുന്ദരരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് അത് അവസാനിച്ചത്. ക്ഷേത്രത്തിന്റെ നിയന്ത്രണച്ചുമതല ഇനിമുതല്‍ സംസ്ഥാനസര്‍ക്കാറിനായിരിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ക്ഷേത്രസ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. അങ്ങനെയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്ര നിലവറയിലെ അമൂല്യനിധിശേഖരത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
ഈ കേസിന്റെ ഗതി എന്തുതന്നെയായാലും ഗുരുവായൂരും ശബരിമലയും ഉള്‍പ്പെടുന്ന കേരളത്തിലെ മറ്റ് പ്രമുഖക്ഷേത്രങ്ങളുടെ ഉത്തരവാദിത്വം ദേവസ്വം മന്ത്രിക്കും ദേവസ്വംബോര്‍ഡിനും തന്നെയാണ്. നാല് ദേവസ്വംബോര്‍ഡുകളാണ് കേരളത്തില്‍. ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍. സംസ്ഥാനത്തെ മൂവായിരത്തോളം ക്ഷേത്രങ്ങളുടെ നിയന്ത്രണച്ചുമതല ഇവര്‍ക്കാണ്. ഓരോന്നും സാങ്കേതികമായി സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങള്‍. 1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിന് കീഴിലാണ് ഇവ രൂപവത്കരിക്കപ്പെട്ടത്.
ഇന്നത്തെനിലയില്‍ ഈ നിയമത്തിലെ പ്രധാനവകുപ്പുകളിലൊന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനമാണ്. കേരള നിയമസഭയിലെ ഹിന്ദു എം.എല്‍.എ.മാരിലാണ് ഇതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇവിടെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ ബുദ്ധിമുട്ട് നേരിടുന്നത്.
ഭരണപക്ഷത്തെ എം.എല്‍.എ.മാരില്‍ ഭൂരിഭാഗവും ഹിന്ദു ഇതരമതക്കാരാണ്. പ്രതിപക്ഷത്താണ് ഹിന്ദു എം.എല്‍.എ.മാരില്‍ ഭൂരിഭാഗവും. അതായത്, ദേവസ്വംബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അന്തിമവിധി പറയുക പ്രതിപക്ഷമായിരിക്കും. ഒരു സര്‍ക്കാറും ഇഷ്ടപ്പെടാത്ത കാര്യം.
ഇതിനൊരു പരിഹാരമായി ഉമ്മന്‍ചാണ്ടി മന്ത്രിസഭ കുറുക്കുവഴി തേടി. നിയമം 'ഭേദഗതി'ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനമായി. നല്ലതിനുവേണ്ടിയുള്ള മാറ്റം എന്നാണ് ഭേദഗതികൊണ്ട് യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മാറ്റം നല്ലതിനുവേണ്ടിയാണോയെന്നതാണ് തര്‍ക്കവിഷയം.
ഓരോ ദേവസ്വംബോര്‍ഡിലും മൂന്ന് അംഗങ്ങള്‍ മതിയെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഇവരില്‍ രണ്ടുപേരെ മന്ത്രിതലസമിതി തിരഞ്ഞെടുക്കും. മൂന്നാമത്തെയാളെ എം.എല്‍.എ.മാരും. വിശ്വാസികളായ എം.എല്‍.എ.മാര്‍ക്കുമാത്രമേ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുള്ളൂ എന്നതാണ് നിര്‍ണായകമാറ്റം. മാര്‍ക്‌സിസ്റ്റുകാരെയും ദൈവനാമത്തിലല്ലാതെ സത്യപ്രതിജ്ഞ ചെയ്തവരെയും അകറ്റിനിര്‍ത്താനുള്ള തന്ത്രമായിവേണം ഇതിനെ കാണാന്‍. മറ്റൊരു പ്രധാനമാറ്റം, ബോര്‍ഡില്‍ ഒരു വനിതാഅംഗമെങ്കിലും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയതാണ്. പകരം പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്ന് ഒരംഗം വേണമെന്നാക്കി. (മാറ്റങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍, ഇപ്പറഞ്ഞവയാണ് മുഖ്യ 'ഭേദഗതി'കള്‍)
ഒന്നാമത്തെ ചോദ്യം: എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വിഷയം നിയമസഭയില്‍ തുറന്നചര്‍ച്ചയ്ക്ക് വിധേയമാക്കാതെ ഭേദഗതിയുടെ പിന്നിലൊളിപ്പിക്കുന്നു?രണ്ട്: നടപടിസംബന്ധമായ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഏതൊക്കെ മന്ത്രിമാര്‍ക്കാണ് ലഭിക്കുക? ഹിന്ദുമന്ത്രിമാര്‍ക്കുമാത്രമോ അതോ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളുമുള്‍പ്പെടുന്ന മുഴുവന്‍ മന്ത്രിമാര്‍ക്കും അതിന് അധികാരമുണ്ടാകുമോ? ഇനി ഹിന്ദുമന്ത്രിമാര്‍ക്ക് മാത്രമാണ് അതിന് അവകാശമെങ്കില്‍ മന്ത്രിസഭയില്‍ എത്ര ഹിന്ദുക്കളുണ്ടെന്ന് നമ്മളെക്കൊണ്ട് എണ്ണിക്കാനാവുമോ ഉമ്മന്‍ചാണ്ടിയും സംഘവും ഉദ്ദേശിക്കുന്നത്?
മൂന്ന്: ഒരു മതനിരപേക്ഷസര്‍ക്കാര്‍ എന്തവകാശത്തിന്റെ പേരിലാണ് വിശ്വാസികളായ ഹിന്ദുക്കളെയും അവിശ്വാസികളായ ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിക്കുക?
സെമിറ്റിക് മതവിശ്വാസത്തെയും(ക്രിസ്ത്യന്‍, ജൂത, ഇസ്‌ലാം മതങ്ങള്‍) ഹിന്ദുമതവിശ്വാസത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാനസംഗതിയെന്തെന്ന് നോക്കാം. വിശാലഹിന്ദു കുടുംബത്തിന്റെ ഭാഗമായി ആരാധന നടത്താത്തവരെപ്പോലും ആ മതം ആഹ്ലാദത്തോടെ സ്വീകരിക്കുന്നുവെന്നതുതന്നെയാണ് പ്രധാനവ്യത്യാസം. അത് പുതിയസംഗതിയല്ല. ആയിരക്കണക്കിനുവര്‍ഷം പഴക്കമുള്ള പാരമ്പര്യമാണ്.
നിരീശ്വരവാദികള്‍ക്കും ഭൗതികവാദികള്‍ക്കുമൊപ്പം ആചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരെയും പരിഹസിക്കുന്ന ഋഗ്വേദ ശ്ലോകങ്ങളുണ്ട്. ഇതിഹാസകാവ്യമായ രാമായണത്തില്‍ നിരീശ്വരവാദത്തിന്റെ ആദ്യപരാമര്‍ശം ജബാലിയില്‍ തുടങ്ങുന്നു. ദശരഥചക്രവര്‍ത്തിയുടെ മന്ത്രിമാരിലൊരാളായ ജബാലി രാമനെ അയോധ്യയിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കുന്നു. രോഷാകുലനായ രാജകുമാരന്‍ അദ്ദേഹത്തില്‍ തികഞ്ഞ നാസ്തികത ആരോപിക്കുന്നു. പുരാണത്തിലെ ഈ ഏറ്റുമുട്ടലില്‍നിന്ന് യഥാര്‍ഥചരിത്രത്തിലേക്ക് വരികയാണെങ്കില്‍ ആദ്യത്തെ അറിയപ്പെടുന്ന നിരീശ്വരവാദി ബൃഹസ്പതിതന്നെയാകാനാണ് സാധ്യത. (പുരാണത്തില്‍ ദേവഗുരുവായ ബൃഹസ്പതിയെപ്പറ്റിയാണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട)
ചാര്‍വാകതത്ത്വശാസ്ത്രത്തിന്റെ സ്ഥാപകനായാണ് ബൃഹസ്പതിയെ പൊതുവേ വിലയിരുത്തുന്നത്. കുറഞ്ഞത് അതിന്റെ തത്ത്വങ്ങള്‍ നീതിവാക്യപരമ്പരയിലൂടെ അവതരിപ്പിച്ചത് അദ്ദേഹമാണ്. നിര്‍ഭാഗ്യവശാല്‍ ചാര്‍വാകപഠനത്തിന്റെ മൂലഗ്രന്ഥങ്ങള്‍ ഏറെമുമ്പേ നമുക്ക് നഷ്ടമായി. ചാര്‍വാകപഠനങ്ങളെ എതിര്‍ക്കാനായി ചില പണ്ഡിതര്‍ അതിലെ ചില ഉദ്ധരണികള്‍ അവതരിപ്പിക്കുമ്പോഴാണ് നമ്മള്‍ അതേക്കുറിച്ച് അറിയുന്നത്. ഇന്ത്യയിലെ സ്വാതന്ത്ര്യസമരസേനാനികള്‍ ലക്ഷ്യം കൈവരിക്കാനായി നടത്തിയ പ്രയത്‌നങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചെറുകുറിപ്പുകളിലൂടെ അറിയുന്നതിന് തുല്യമാണത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഇടവേളയെന്ന സങ്കീര്‍ണത ഇതിന് പുറമേയാണ്.
ഏതായാലും, ചില പരാമര്‍ശങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ചാര്‍വാക (ലോകായത എന്നും അറിയപ്പെടുന്നു) പഠനം വേദങ്ങളെ നിരാകരിക്കുന്നതാണ്. ആത്മാവിന്റെ അമരത്വമെന്ന സങ്കല്പത്തെ അത് തള്ളിപ്പറയുന്നു. മോക്ഷസിദ്ധാന്തത്തെ നിരസിക്കുകയും ചെയ്യുന്നു. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട കാര്യം, ചാര്‍വാകതത്ത്വശാസ്ത്രത്തിന്റെ അനുയായികള്‍ ഹിന്ദുമതക്കാരാണെന്ന് സ്വയം അവകാശപ്പെടുന്നുവെന്ന കാര്യമാണ്. ഹിന്ദുമതം അവരെ മടിയില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നു.
അങ്ങനെവരുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ഒരു എം.എല്‍.എ.യെ ഹിന്ദുവെന്നും അല്ലെങ്കില്‍ ഹൈന്ദവേതരനെന്നും എങ്ങനെയാണ് നിശ്ചയിക്കാന്‍ കഴിയുക?
ഇത് ചര്‍ച്ചാവിഷയത്തെ നാലാമത്തെയും ഏറ്റവും പ്രാധാന്യമുള്ളതുമായ വിഷയത്തിലേക്കെത്തിക്കുന്നു. മതനിരപേക്ഷമെന്ന് കരുതുന്ന ഒരു സംസ്ഥാനത്തെ ഭരണകൂടത്തിന് ആരാധനാലയങ്ങളുടെ നടത്തിപ്പില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ?
ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്ഷേത്രങ്ങളുടെ നടത്തിപ്പില്‍മാത്രമായി അത് പരിമിതപ്പെടുത്തുന്നു? എന്തുകൊണ്ട് മുസ്‌ലിംപള്ളികളുടെയും ക്രിസ്തീയദേവാലയങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നില്ല.
പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള നിയമതര്‍ക്കം ഇവിടെയാണ് പ്രസക്തമാകുന്നത്. ഒരു ക്ഷേത്രത്തിന്റെ നിയന്ത്രണാധികാരം വ്യക്തികള്‍ക്കോ അതോ സര്‍ക്കാറിനോ എന്ന ചോദ്യമാണ് ഈ കേസിന്റെ കാതല്‍. മതമെന്നത് വ്യക്തിപരമായ വിഷയമാണെങ്കില്‍ എന്തിന് സര്‍ക്കാര്‍ അതില്‍ ഇടപെടണം? മതം സാമൂഹികവിഷയമാണെങ്കില്‍ എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരംമാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.
പദ്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച കേസ് എല്ലായ്‌പ്പോഴും അസ്വാസ്ഥ്യജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സ്വാര്‍ഥകാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസിന്റെ നില വഷളാക്കുമെന്ന ആശങ്ക ഉയരുന്നുമുണ്ട്. ഒരുചിന്തയും കൂടാതെയുള്ള ഓര്‍ഡിനന്‍സിലൂടെ നിയന്ത്രണാധികാരം കവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പറഞ്ഞതെല്ലാം ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു: ക്ഷേത്രനടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ല. ആരാണ് ഹിന്ദുവെന്നും ആരാണ് അഹിന്ദുവെന്നും നിശ്ചയിക്കാന്‍ സര്‍ക്കാറിന് ഒരിക്കലും അധികാരവുമില്ല.
കടപ്പാട് : മാതൃഭൂമി ദിനപത്രം
No comments:
Post a Comment