Tuesday, 27 November 2012

ശ്രീശങ്കരന്‍ ലൗകികദൃഷ്ടാന്തങ്ങളിലൂടെ (വിവേകചൂഡാമണി 30)


പലതരത്തില്‍പ്പെട്ട പ്രലോഭനങ്ങള്‍ ഈ ലോകത്തുണ്ട്. പ്രലോഭനങ്ങളില്‍ ആപത്തുകള്‍ പതിയിരിക്കുന്നു. അത്തരം പ്രലോഭനങ്ങളെ പാടേ ഉപേക്ഷിക്കുന്നതരത്തില്‍ ലൗകീക സുഖഭോഗങ്ങളോടുള്ള തീവ്രമായ വെറുപ്പും (വൈരാഗ്യവും) മോക്ഷം നേടുന്നതിനുള്ള ഉത്കൃഷ്ടമായ ആഗ്രഹവും (മുമുക്ഷുത്വവും) ആര്‍ജ്ജിച്ചെങ്കില്‍ മാത്രമേ പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിനുവേണ്ടിയുള്ള ശ്രമം ഫലവത്താകുകയുള്ളൂ. ഈ കാര്യത്തിലേക്കാണ് താഴെപറയുന്ന ഉദാഹരണം വെളിച്ചംവീശുന്നത്.
മരൗ സലീലവത് (വിവേകചൂഡാമണി 30)
മരുഭൂമിയിലെ വെള്ളംപോലെ ലൗകികസുഖങ്ങളോടുള്ള വെറുപ്പും (വൈരാഗ്യവും) ബ്രഹ്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ള ശക്തമായ ആഗ്രഹവും (മുമുക്ഷുത്വവും) ആണ് ദുഃഖത്തില്‍നിന്നുള്ള നിത്യമായ മോചനത്തിന്റെ അടിത്തറ. ശമം (ശാന്തത), ദമം (സഹിഷ്ണുത), യമം സുഖഭോഗങ്ങളോടുള്ള ആഗ്രഹത്തെ അടക്കല്‍ തുടങ്ങിയവ സാര്‍ത്ഥകമായ ശേഷം സംസാരദുഃഖത്തില്‍നിന്ന് മോചനം ലഭിക്കണമെങ്കില്‍ അവ മുമ്പ് സൂചിപ്പിച്ച അടിത്തറയിലുള്ളതായിരിക്കണം, ഉറച്ചതായിരിക്കണം. ഇത്തരത്തിലുള്ള അടിത്തറയില്ലാതെ ശമദമാദികള്‍ ശീലിച്ചാലും അത് കാനല്‍ജലംപോലെ – വെള്ളത്തിന്റെ ഒരു തോന്നല്‍പോലെ – ആയിത്തീരുമെന്നാണ് ശ്രീശങ്കരന്റെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ ഉദ്ദിഷ്ടഫലമായ ദാഹശമനം ഇത് ഉണ്ടാക്കിത്തരികയില്ല. അതിനു കാരണമുണ്ട്. ലൗകീക സുഖഭോഗങ്ങളോടുള്ള അറപ്പും മോക്ഷത്തിനുള്ള ഉത്കൃഷ്ടമായ ഇച്ഛയും ഇല്ലെങ്കില്‍ ശമദമാദികള്‍ ഏതുനിമിഷവും കൈവിട്ടുപോകും. അവ ഒരു കാരണവശാലും മോക്ഷമാഗ്രഹിക്കുന്നവന് സഹായകരമാവുകയില്ല. ഇപ്രകാരം ഫലപ്രദമാകാത്ത ശമദമാദികളെയാണ് ശ്രീശങ്കരന്‍ കാനല്‍ജലത്തോട് ഉപമിച്ചിരിക്കുന്നത്. ഉണ്ടെന്നു തോന്നുകയും യഥാര്‍ത്ഥത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ തികഞ്ഞ ഉദാഹരണമാണല്ലോ കാനല്‍ജലം (മരീചിക)
മരീചിക വെറും തോന്നല്‍ മാത്രമാകയാല്‍ അവിടെ യഥാര്‍ത്ഥത്തില്‍ വെള്ളമില്ല. മരുഭൂമിയില്‍ ഉണ്ടെന്നുതോന്നുന്ന വെള്ളം കുടിക്കാമെന്ന് അത് ആരെങ്കിലും ആഗ്രഹിച്ചാല്‍ അത് എപ്പോഴെങ്കിലും നടക്കുമോ? വെള്ളം ഉണ്ടെന്ന തോന്നല്‍ മാത്രം എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും ദാഹം ശമിപ്പിച്ചുകൊടുക്കുമോ? ഇല്ലതന്നെ. അതികഠിനമായ വൈരാഗ്യത്തില്‍ അധിഷ്ഠിതമല്ലാത്ത ശമദമാദികള്‍ ശരിയായ ശമദമാദികള്‍ ആയിരിക്കയില്ല. അവ ശമദമാദികളുടെ വെറും തോന്നല്‍ മാത്രമാണ്. അത്തരത്തില്‍പ്പെട്ട ശമദമാദികള്‍ യോഗിയെ ഉദ്ദിഷ്ടമോക്ഷപഥത്തില്‍ ഒരിക്കലും എത്തിക്കുകയില്ലതന്നെ. അതുകൊണ്ടാണ് വൈരാഗ്യത്തില്‍ അധിഷ്ഠിതമല്ലാത്ത ശമദമാദികളെ കാനല്‍ജലംപോലെ അയഥാര്‍ത്ഥം എന്ന് ശ്രീ ശങ്കരന്‍ പറഞ്ഞത്.
വെള്ളത്തിന്റെ കേവലമായ തോന്നല്‍ വസ്തുനിഷ്ഠമായ വെള്ളത്തിന്റെ അസ്തിത്വം അല്ലെന്ന് സൂചിപ്പിച്ചല്ലോ. അതുകൊണ്ട് മരുഭൂമിയില്‍ ദാഹിച്ചുവലയുന്ന ഒരുവന്‍ അങ്ങകലെ വെള്ളത്തിന്റെ ഓളങ്ങള്‍ കണ്ടുകൊണ്ട് ആര്‍ത്തിപൂണ്ട് മുന്നോട്ടുനടന്നാല്‍ അയാള്‍വെള്ളം കിട്ടാതെ ചത്തുവീണതു തന്നെ. വാസ്തവത്തില്‍ അവിടെ വെള്ളമില്ലെങ്കിലും എപ്പോഴും ഒരു നൂറുവാര അകലെ വെള്ളം അലയടിക്കുന്നതായി ദാഹിച്ചുനില്‍ക്കുന്ന ഒരുവനു തോന്നിപ്പോകും. അയാള്‍ അത്രയും ദൂരം താണ്ടുമ്പോള്‍ അത്രയുംതന്നെ അകലെ ജലമുള്ളതായി വീണ്ടും തോന്നും. ജലത്തിനരികെ എത്താനുള്ള അയാളുടെ പലായനം കൊടുംചൂടില്‍ ശരീരത്തില്‍ അവശേഷിച്ചിരുന്ന ജലാംശം കൂടി വറ്റിപ്പോകുന്നതിനും അയാള്‍ മരിച്ചുവീഴുന്നതിനും ഇടവരുത്തുന്നു.
ഇപ്രകാരം വൈരാഗ്യം, തീക്ഷ്ണമായ മോക്ഷേച്ഛ തുടങ്ങിയവയില്‍ അധിഷ്ഠിതമല്ലാത്ത ശമം ദമം തുടങ്ങിയവ കുറ്റമറ്റവയല്ല. അവ ശമദമാദികളുടെ തോന്നല്‍ മാത്രമാണ്. അത്തരത്തില്‍ വികലമായ ശമദമാദികള്‍ അനുഷ്ഠിക്കുന്നവന് ബ്രഹ്മജ്ഞാനം ലഭിക്കുകയില്ല. കാനല്‍ജലം കുടിക്കാന്‍ ഒരുമ്പെടുന്നവന് ഒരിക്കലും അത് കുടിക്കാന്‍ സാധ്യമാകാത്തതുപോലെ ഫലപ്രദമാകാത്ത പ്രയത്‌നം രണ്ടുപക്ഷക്കാര്‍ക്കും (മോക്ഷം ആഗ്രഹിക്കുന്നവനും വെള്ളത്തിനു ദാഹിക്കുന്നവനും) ഇവിടെ സമാനം തന്നെ.
എത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വസ്തുവല്ല മോക്ഷം. വൈരാഗ്യത്തില്‍ അധിഷ്ഠിതമല്ലെങ്കില്‍ ശമദമാദികള്‍ ശീലിച്ചാലും സാധകന്‍ (മോക്ഷം ആഗ്രഹിക്കുന്നവന്‍) അതില്‍നിന്ന് ഏതുനിമിഷവും വിട്ടുപോകും. മോക്ഷം അയാള്‍ക്ക് ഒരു മരീചകയായി അവശേഷിക്കുകയും ചെയ്യും. മരുഭൂമിയിലെ വെള്ളം എന്ന ദൃഷ്ടാന്തം അടിസ്ഥാനമില്ലാത്ത നിഷ്പ്രയോജനമായ, ഫലപ്രദമാകാത്ത ഒന്നിന്റെ പ്രതീകമാണ്. അതുകൊണ്ട് മോചനം ആഗ്രഹിക്കുന്ന ഒരുവന്‍ ശമാദികളുടെ ഉണ്മ ഉറപ്പിക്കുകതന്നെ വേണം. ആയതിന് വൈരാഗ്യം മുമുക്ഷുത്വം എന്നിവ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതുതന്നെ. അതുകൊണ്ട് അപഥത്തില്‍ സ്വയം നയിക്കപ്പെടാതിരിക്കുവാനും, കാനല്‍ജലത്തിന്റെ പിന്നാലെ പോകുന്നവനു സംഭവിക്കുന്ന ജീവഹാനി ഒഴിവാക്കാനും വൈരാഗ്യത്തിന്റെ അടിത്തറയിലുറച്ച ശമദമാദികള്‍ സ്വായത്തമാക്കണം. അങ്ങനെയുള്ളവനുമാത്രമേ സ്വര്‍ണ്ണപത്രംകൊണ്ടു മൂടിവച്ചിരിക്കുന്ന ആത്യന്തിക സത്യത്തിന്റെ മുഖം കാണാന്‍ പറ്റുകയുള്ളൂ എന്ന സത്യമാണ് ആചാര്യന്‍ ഈ ദൃഷ്ടാന്തത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നത്.


Read more: http://punnyabhumi.com

2 comments:

  1. സർവവേദാന്തസിദ്ധാന്തഗോചരം തമഗോചരം
    ഗോവിന്ദം പരമാനന്ദം സദ്ഗുരും പ്രണതോ ƒസ്മ്യഹം 1

    ReplyDelete
  2. സർവവേദാന്തസിദ്ധാന്തഗോചരം തമഗോചരം
    ഗോവിന്ദം പരമാനന്ദം സദ്ഗുരും പ്രണതോ ƒസ്മ്യഹം 1

    ReplyDelete