Tuesday, 27 November 2012

ശബരിമലയിലെ ഓരോ തീര്‍ത്ഥാടനക്കാലവും വിവാദങ്ങള്‍ ഒഴിയാതായിട്ട് വര്‍ഷങ്ങളായി


ശബരിമലയിലെ ഓരോ തീര്‍ത്ഥാടനക്കാലവും വിവാദങ്ങള്‍ ഒഴിയാതായിട്ട് വര്‍ഷങ്ങളായി. ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പിടിപ്പുകേടിലേക്കാണ് വിവാദങ്ങള്‍ വിരല്‍ചൂണ്ടുന്നത്. തീര്‍ത്ഥാടനകാലം ആരംഭിച്ച് ഏതാനുംനാള്‍ പിന്നിട്ടപ്പോഴാണ് പ്രസാദമായി നല്‍കുന്ന അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന ലക്ഷക്കണക്കിന് പാക്കറ്റ് അപ്പമാണ് കത്തിച്ചുകളഞ്ഞത്. സംഭവത്തെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചു എന്നത് നേരാണ്. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുകയും അവരൊക്കെ വാങ്ങുകയും ചെയ്യുന്ന അപ്പത്തില്‍ പൂപ്പലുണ്ടായി എന്നത് നിസാരമായി കാണേണ്ടകാര്യമല്ല.
മാനദണ്ഡങ്ങള്‍ പാലിച്ചും ഉള്‍ക്കൊള്ളിക്കേണ്ട ചേരുവകള്‍ ചേരുംപടി ചേര്‍ത്തും അപ്പമുണ്ടാക്കുകയും വേണ്ടവിധം സൂക്ഷിക്കുകയും ചെയ്താല്‍ അത് മാസങ്ങളോളം കേടുകൂടാതിരിക്കുമെന്നത് വസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തോന്നുംപടിയാണ് നടക്കുന്നതെന്നാണ് അപ്പം കേടായതിലൂടെ വ്യക്തമാകുന്നത്. അയ്യപ്പന്റെ തിരുപ്രസാദമാണ് അപ്പവും അരവണയും. ഇതുവാങ്ങാതെ ഒരു തീര്‍ത്ഥാടകന്‍ പോലും മടങ്ങാറില്ല. ആ നിലയില്‍ പ്രസാദമൊരുക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ നിലവാരം കാത്തുസൂക്ഷിക്കുകയും ശരിയായ കൂട്ട് അപ്പമുണ്ടാക്കാനുപയോഗിക്കുകയും ശുചിത്വം നിലനിര്‍ത്തുകയും കേടുവരാത്ത സാഹചര്യത്തില്‍ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇതൊന്നും പാലിക്കുന്നില്ലെന്നതാണ് ദുഃഖകരം.
കവറില്‍ ഉള്ളടക്കം ചെയ്താണ് അപ്പം വിതരണം നടത്തുന്നുവെന്നതിനാല്‍ ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചശേഷം എത്രയോ അയ്യപ്പന്‍മാര്‍ പ്രസാദമായി വാങ്ങിയ പൂപ്പല്‍ വന്ന അപ്പവുമായി മടങ്ങിയിരിക്കും. സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ പേരിലാണ് പൊറുക്കാനാവാത്ത ഈ ഈശ്വരനിഷേധമൊക്കെ നടക്കുന്നത്.
ഈ പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നുവെന്നും അതുനിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അതു തള്ളുകയായിരുന്നു. അപ്പം, അരവണ നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ പ്രശ്‌നത്തില്‍ മാധ്യമങ്ങളെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അവര്‍ അവരുടെ കടമയാണ് നിര്‍വഹിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ലോകത്തെ ഏറ്റവുംവലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ പെരുമയില്‍ അസൂയപൂണ്ട ചില നിക്ഷിപ്ത താല്‍പര്യക്കാരും വര്‍ഗീയവാദികളുമൊക്കെ കിട്ടുന്ന സന്ദര്‍ഭം വളരെ തന്ത്രപരമായി മുതലെടുക്കുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല. അതാണ് ശബരിമലയെ സംബന്ധിച്ച് ഉണ്ടാകുന്ന വിഷയങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് മുല്ലപ്പെരിയാര്‍ വിഷയത്തെ ഊതിവീര്‍പ്പിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവിനെ ഗണ്യമായി ബാധിച്ചു. ഒരു പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ദുഷ്ടലാക്ക് മനസിലാക്കാതെ പലപ്പോഴും കെണിയില്‍ പെടുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. വിഷയം ശബരിമല പ്രസാദത്തെ സംബന്ധിച്ചാകുമ്പോള്‍ അതു വാര്‍ത്താ പ്രാധാന്യമുണ്ടാവുക സ്വാഭാവികമെന്ന് വാദിക്കാമെങ്കിലും ഇതിനിടയിലെവിടെയോ ചില സ്ഥാപിത താല്‍പര്യമില്ലേ എന്ന് സംശയവുമുണ്ട്.
ശബരിമലയിലെ പ്രസാദമായ അപ്പത്തിന്റെയും അരവണയുടെയും നിര്‍മാണത്തില്‍ അതീവഗൗരവം പുലര്‍ത്തിക്കൊണ്ട് ഇനിയൊരിക്കലും തീര്‍ത്ഥാടകരുടെ മനസിനെ നോവിക്കുന്ന തരത്തില്‍ ഈ വിഷയത്തില്‍ ഒരു വീഴ്ചയും ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാല്‍ സാക്ഷാല്‍ അയ്യപ്പസ്വാമി പോലും പൊറുക്കില്ല എന്നത് മറന്നുപോകരുത്.


Read more: http://punnyabhumi.com

No comments:

Post a Comment