പരാശരമഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായിട്ടാണ് ഭഗവാന്‍ വേദവ്യാസമഹര്‍ഷി ജനിച്ചത്. വേദങ്ങളെ ഋഗ്‍വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്ന് നാലായി തിരിച്ച് ലോകത്തിനു നല്കി. പുരാണങ്ങളുടേയും ഉപപുരാണങ്ങളുടേയും, മഹാഭാരതം, ബ്രഹ്മസൂത്രം തുടങ്ങിയവകളുടേയും കര്‍ത്താവാണ് അദ്ദേഹം.
ആത്മാന്വേഷകര്‍ക്ക് പരമഗുരുവും സര്‍വ്വവേദാന്തസിദ്ധാന്തങ്ങളുടേയും സുനിശ്ചിതാവുമായ മഹാമുനിയുടെ സര്‍വ്വശ്രേഷ്ഠനായ പുത്രനാണ് ശ്രീശുകദേവന്‍. അമ്മയുടെ ഉദരത്തില്‍ ഒരു കുട്ടിയായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാഹ്യലോകത്തിന്റെ അനിത്യതയും ക്ഷണികത്വവും ശുകദേവന്‍ മനസ്സിലാക്കി. ഗര്‍ഭപാത്രത്തില്‍ കിടന്നുകൊണ്ടു തന്നെ ആത്മവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ച് ആ കുഞ്ഞ് ഗാഢമായി ചിന്തിച്ചു.
ജീവന് ഗര്‍ഭവാസകാലം അതീവ ക്ലേശകരവും അസഹ്യവുമാണ്. ജനിച്ച് ബാഹ്യലോകത്തിലേയ്ക്ക് പോകാമെന്നു കരുതിയാല്‍ അത് അതിനേക്കാളധികം കഷ്ടം! ശരീരമെടുക്കേണ്ടി വരുന്നതിനേക്കാള്‍ ദുഃഖകരമായി മറ്റൊരവസ്ഥയില്ല. ശരീരം നശിക്കുന്നതാണ്. നശിക്കാത്തത് ആത്മാവ് മാത്രമാണ്. കാണപ്പെടുന്നതെല്ലാം നശിക്കുമ്പോഴും ആത്മാവ് നിത്യസത്യ ബോധമായി നിലകൊളളുന്നു. ആ ആത്മാവ് ബോധസ്വരൂപമാണ്. പരമാനന്ദം. സച്ചിദാനന്ദം. തന്റെയുള്ളില്‍ താന്‍തന്നെയായിട്ടിരിക്കുന്ന ബോധസ്വരൂപം. ഏറ്റവും അദ്വിതീയവും സര്‍വ്വവ്യാപാരിയും സര്‍വ്വാന്തര്യാമിമായിരിക്കുന്ന ആത്മസത്ത. താന്‍ എല്ലാത്തിലും നിറഞ്ഞു നില്ക്കുന്നു. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ല.
പ്രപഞ്ചജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞ് ജനിച്ച ശുകദേവന്‍ പിറന്നപ്പോള്‍ തന്നെ സത്യവും തത്ത്വജ്ഞാനവും നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വളരെ ഭിന്നനായി അദ്ദേഹം പരാശ്രയം കൂടാതെ വളരെക്കാലം പരിചിന്തനം ചെയ്തുനടന്നു. തന്റെ വിവേകബുദ്ധികൊണ്ട് ആത്മസ്വരൂപം എന്താണെന്ന് ദൃഢമായ ഒരു ധാരണലഭിച്ചു. അദ്ദേഹം വിചാരം ചെയ്തത് പലരും കണ്ടെത്തി.
ഇന്ദ്രിയങ്ങളില്‍ നിന്നും വിഷയങ്ങളില്‍നിന്നും വേറിട്ടു നില്ക്കുന്ന സത്തയാണ് ആത്മാവ്. അതിനാല്‍ ആത്മാവ് അനിര്‍വചനീയമാണ്. അഗമ്യമാണ്. അതിസൂക്ഷ്മമാണ്. അണുവിലും അണുവാണ്. മനസ്സാകുന്ന ആറാമത്തെ ഇന്ദ്രിത്തില്‍ അവസ്ഥിതമായിരിക്കുന്നതുകൊണ്ട് ആത്മാവ് അണുവിന്റെ ആകാരത്തോടുകൂടിയതാകുന്നു. അത് ചിന്മാത്രവും ആകാശതത്ത്വത്തേക്കാള്‍ സൂക്ഷ്മാതിസൂക്ഷ്മവും ആകുന്നു. പരമമായിരിക്കുന്ന ഈ ആത്മാവില്‍ കോടാനുകോടി നക്ഷത്രങ്ങളും ഗോളങ്ങളും എല്ലാം അടങ്ങുന്ന ബ്രഹ്മാണ്ഡം സ്ഥിതിചെയ്യുന്നു. ശക്തിക്രമമനുസരിച്ച് സൃഷ്ടിസ്ഥിതിലയാദ്യവസ്ഥകളെ പ്രാപിച്ചു കൊണ്ടിരിക്കുന്നു.
ആത്മാവിന്റെ രൂപത്തെപ്പറ്റി വര്‍ണ്ണിക്കുക സാധ്യമല്ല. ഇത് സ്ഥൂലവസ്തുവല്ല. സ്വരൂപമാണ്. പ്രകാശാത്മകമാണ്. ചൈതന്യമാണ്. സച്ചിദാനന്ദസ്വരൂപമാണ്. ആനന്ദവിജ്ഞാനരൂപമാണ്. അത് താന്‍ തന്നെയാകുന്നു. ഞാന്‍ ആത്മാവില്‍ നിന്ന് ഭിന്നനല്ല ആത്മാവാണ് ഞാന്‍. ഞാന്‍ തന്നെ ആത്മാവ്.
ഇങ്ങനെ തന്റെ ആത്മസത്തയെ വിചാരം ചെയ്ത ശ്രീശുകദേവന് യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി. തന്റെ സൂക്ഷ്മബുദ്ധികൊണ്ടാണ് ഇത് സാധ്യമായത്. സ്വയം അന്വേഷിച്ചറിഞ്ഞ ഈ പരമതത്ത്വത്തില്‍ അദ്ദേഹം നിരന്തരം ലീനനായി ബാഹ്യലോകത്തെ അദ്ദേഹം മറന്നു.
വിഷയങ്ങളില്‍ ഏതൊരു വിധ ആഗ്രഹങ്ങളും ഇല്ലാത്തവനായി. ഭോഗാസക്തി തീരെയില്ല. മനസ്സിന് ചാഞ്ചല്യമില്ല. മനസ്സ് ശാന്തമാണ്. സ്വസ്ഥമാണ്. ശരീരത്തെ മോടി പിടിപ്പിക്കുന്ന ആടയാഭരണങ്ങളും വേഷഭൂഷാദികളും ഒട്ടും ഇല്ല. വസ്ത്രധാരണത്തില്‍ പോലും താല്പര്യമില്ല. പൂര്‍ണനഗ്നന്‍. കുട്ടികളെ പോലെ നിര്‍മ്മലന്‍. നിഷ്കളങ്കന്‍. യുവാവായി വളര്‍ന്നുവലുതായിട്ടും ഒരേ നിലതന്നെ. അദ്ദേഹത്തെ കാണുന്നവര്‍ക്ക് മനസ്സില്‍ ഭക്തിയും ബഹുമാനവും ഉണ്ടാകും.
ശുകദേവന്‍ നഗ്നനും നിസ്സംഗനുമായി സാവധാനം നടന്നു പോകുന്നതു കണ്ടാല്‍ പുരുഷന്മാര്‍ പരിഹസിക്കുകയോ സ്ത്രീകള്‍ ലജ്ജിക്കുകയോ ചെയ്യാറില്ല. നാണവും മാനാഭിമാനങ്ങളും ശ്രീശുകന്റെ സാന്നിധ്യത്തില്‍ ആര്‍ക്കും ഉണ്ടാകുന്നില്ല.
ഒരിക്കല്‍ ശുകദേവന്‍ മഹാമേരു പര്‍വ്വതത്തിലേയ്ക്കു പുറപ്പെട്ടു. മഹത്തായ പര്‍വ്വതത്തിന്റെ വിശാലമായ ഭൂവിഭാഗത്തിലൂടെ ആ യോഗീശ്വരന്‍ നടന്നു. ആ യാത്ര അവസാനിച്ചത് ഏകാന്തമായ ഒരിടത്താണ്. തന്റെ പിതാവായ കൃഷ്ണദ്വൈപായനമഹര്‍ഷി തപോനിഷ്ഠനായിരിക്കുന്നത് ശ്രീശുകന്‍ കണ്ടറിഞ്ഞു.
ധ്യാനത്തില്‍നിന്ന് കണ്ണുകള്‍ തുറന്ന് നോക്കിയ മഹര്‍ഷി തന്റെ മുമ്പില്‍ നില്‍ക്കുന്ന നിസ്സംഗനും ഉഗ്രതേജസ്സോടു കൂടിയവനുമായ ശ്രീ ശുകനെ കണ്ടു. തന്റെ പുത്രന്‍ എന്നതിനേക്കാളുപരി സ്വപ്രയത്നത്താല്‍ പരമജ്ഞാനിയായിത്തീര്‍ന്നിട്ടുള്ളവനാണ്. അറിവിന്റെ അപാരത കണ്ടറിഞ്ഞവന്‍. ഇന്ദ്രിയനിഗ്രവും വിഷയവിരക്തിയും ആത്മജ്ഞാനവും നേടിയ യുവാവ്. യോഗികള്‍ക്കും മുനിമാര്‍ക്കും ബഹുമാന്യനായ മഹാതേജസ്വി.
അവര്‍ മൗനമായി കുറെനേരം പരസ്പരം നോക്കിയിരുന്നുപോയി. ഒടുവില്‍ ശ്രീശുകന്‍ ശാന്തനായി ചോദിച്ചു:
“മഹര്‍ഷേ, അവിടുത്തേയ്ക്ക് അടിയന്റെ വിനീതനമസ്കാരങ്ങള്‍. പലതും അറിയുന്നതിനു വേണ്ടി അങ്ങയോട് ചിലത് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.”
“താങ്കളുടെ ചോദ്യത്തില്‍ നമുക്ക് അതിയായ ജിജ്ഞാസയുണ്ട്. എന്താണെങ്കിലും.” വ്യാസമഹര്‍ഷി വളരെ താല്പര്യപൂര്‍വ്വം പറഞ്ഞു.
“മഹാമുനേ, ഈ സംസാരാഡംബരത്തിന്റെ ഉത്ഭവം എങ്ങനെയാണ്? ഇത് എങ്ങനെയാണ് വിലയം പ്രാപിക്കുന്നത്? ഇത് എന്താണ്? ആരുടേതാണ്? ഇത് എപ്പോഴുണ്ടായി? അങ്ങ് ദയവു ചെയ്ത് ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും.” ശ്രീശുകന്‍ കരങ്ങള്‍ കൂപ്പി വ്യാസമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു.
വ്യാസമഹര്‍ഷിയ്ക്കു സന്തോഷമായി. എന്തെല്ലാമാണോ തന്റെ പുത്രന്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് അവതന്നെയാണ് ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. പുത്രനു പറഞ്ഞു കൊടുക്കുവാനാഗ്രഹിച്ചിരിക്കുന്ന രഹസ്യമായ തത്ത്വങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
ശുകദേവന്റെ ജിജ്ഞാസ കണ്ടിട്ട് ആത്മജ്ഞാനിയായ വ്യാസമുനി സന്തുഷ്ടനായി.
“നമുക്ക് സന്തോഷമായി. ഈ സംസാരരാഡംബത്തിന്റെ ഉത്ഭവം മുതല്‍ എല്ലാം നാമിപ്പോള്‍ ഉപദേശിച്ചു തരാം. കേട്ടാലും.” വ്യാസമുനി എല്ലാക്കാര്യങ്ങളും പുത്രന് വേണ്ടതു പോലെ ഉപദേശിച്ചു പറഞ്ഞു കൊടുത്തു. എന്നിട്ട് നിറഞ്ഞ സംതൃപിയോടെ ശുകദേവന്റെ മുഖത്തേയ്ക്കു നോക്കി.
ശുകദേവന്റെ മുഖത്ത് നിരാശ നിറഞ്ഞു നില്ക്കുന്നത് വ്യാസമുനി കണ്ടു.
ശുകദേവന്‍ അലക്ഷ്യമായി മേരുപര്‍വ്വതത്തിന്റെ അനന്തതകളിലേയ്ക്ക് കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു. പ്രതീക്ഷകളോടെയാണ് പിതാവായ മാമുനിയോട് അറിയേണ്ടവയായ പലതും ചോദിച്ചത്. പക്ഷേ തനിക്കു നേരത്തേതന്നെ അറിയാവുന്നവ തന്നെയാണ് മറുപടിയായി ഉപദേശിക്കുന്നത്. ശുകനു നിരാശ തോന്നി. പിതാവിന്റെ ഉപദേശങ്ങള്‍ വേണ്ടത്ര ശ്രദ്ധയോ താല്പര്യമോ പ്രകടിപ്പിച്ചില്ല. അലക്ഷ്യമായിട്ടിരുന്നു.
ശ്രീശുകന്റെ ഈ ഭാവം വ്യാസന് മനസ്സിലായി. മഹര്‍ഷി ആലോചിച്ചു. ശുകദേവന്‍ സ്വബുദ്ധ്യാല്‍ ആത്മതത്വം അറിഞ്ഞവനാണ്. വീണ്ടും സംശയം ഉണ്ടാകേണ്ട കാര്യമില്ല. സംശയം അവശേഷിക്കുന്ന സ്ഥിതിക്ക് ആ സംശയങ്ങളെ ഇല്ലാതാക്കിക്കൊടുക്കണം. പക്ഷേ ഉപദേഷ്ടാവായ താന്‍ പിതാവായതുകൊണ്ടാവാം വേണ്ടത്ര ശ്രദ്ധ പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല ഇതെല്ലാം തനിക്കറിയാവുന്നതന്നെയെന്നും വിചാരിക്കുന്നുണ്ട്. അതിനാല്‍ ബന്ധുവല്ലാത്ത മറ്റൊരു ഗുരുവിന്റെ അടുക്കലേയ്ക്ക് ശ്രീശുകനെ അയയ്ക്കുകതന്നെ.
ഉദാസീനനായിട്ടിരിക്കുന്ന ശ്രീശുകനോട് ചെറുചിരിയോടെ വ്യാസമഹര്‍ഷി പറഞ്ഞു:
“ശ്രീശുകാ, നീ സ്വയം അറിഞ്ഞവതന്നെയാണ് ഞാനിപ്പോള്‍ ഉപദേശിച്ചവയെല്ലാം. വാസ്തവത്തില്‍ ഇക്കാര്യങ്ങളെ തത്ത്വപരമായിട്ട് ഞാനും അറിയുന്നില്ല. നിനക്ക് ഇക്കാര്യത്തില്‍ വളരെയധികം ജിജ്ഞാസയും സംശയങ്ങളുമുണ്ട്. നല്ലതു തന്നെ. അതിനാല്‍ ഈ വിഷയത്തില്‍ പരിപൂര്‍ണ്ണ ജ്ഞാനമുള്ള ഒരാളെ സമീപിക്കുക. മിഥിലാധിപതിയായ ജനകമഹാരാജാവ് നിന്റെ എല്ലാ സംശയങ്ങളേയും തീര്‍ക്കുവാന്‍ മാത്രം അറിവുള്ളവനാണ്. താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുക. ഒട്ടേറെ ജ്ഞാനികള്‍ക്ക് അദ്ദേഹം ആത്മോപദേശം നല്കിയിട്ടുണ്ട്. നീ ആഗ്രഹിക്കുന്ന ജ്ഞാനം അദ്ദേഹത്തില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ തന്നെ പുറപ്പെട്ടാലും!”
പിതൃവാക്യം കേട്ട് ശ്രീശുകദേവന്‍ എഴുന്നേറ്റു. പിതാവിനെ നമസ്ക്കരിച്ചിട്ട് അവിടെ നിന്ന് നടന്നകന്നു. മഹാമേരുപര്‍വ്വതത്തിലൂടെ നടന്ന് അദ്ദേഹം താഴെയിറങ്ങി. സമതലഭൂമിയില്‍ കൂടി മിഥിലാപുരിയെ ലക്ഷ്യമാക്കി നടന്നു.
സമ്പദ്സമൃദ്ധമായ മിഥിലാപുരി എന്ന രാജ്യത്തെക്കുറിച്ചും ആ രാജ്യം ധാര്‍മ്മികമായി പരിപാലിക്കുന്ന ജനകമഹാരാജാവിനെ കുറിച്ചും ശ്രീശുകദേവന്‍ വളരെയധികം കേട്ടിട്ടുണ്ട്. മഹാരാജാവായി സിംഹാസനത്തിലിരുന്ന് രാജ്യഭരണം നടത്തുന്നവനെങ്കിലും മഹാജ്ഞാനിയാണദ്ദേഹം. അനേകപണ്ഡിതന്‍മാര്‍ക്കും മഹര്‍ഷിമാര്‍ക്കും ആത്മാന്വേഷകര്‍ക്കും എല്ലാത്തരത്തിലും ആശ്രയകേന്ദ്രമാണ് ജനകമഹാരാജാവ്. ആ പരിപൂര്‍ണ്ണ ജ്ഞാനിയില്‍നിന്ന് തനിക്ക് അറിവിന്റെ അപാരതയെ ഗ്രഹിക്കാനാകും. സംശയമില്ല.
ശ്രീശുകന്‍ വളരെദൂരം യാത്ര ചെയ്തത് ജനകമഹാരാജാവിന്റെ മിഥിലാപുരിയില്‍ പ്രവേശിച്ചു.
മനോഹരമായ തലസ്ഥാന നഗരം. സന്തുഷ്ടരായി നടക്കുന്ന ജനങ്ങള്‍. അതിമനോഹരങ്ങളും അംബരചുംബികളും മിഥിലാപുരിയില്‍ സകലപ്രൗഢിയും എടുത്തുകാട്ടുന്നവയുമാണ് രാജകൊട്ടാരങ്ങള്‍. പ്രധാന കൊട്ടാരത്തിന്റെ കവാടത്തിനു മുമ്പില്‍ ശുകദേവന്‍ എത്തിനിന്നു.
ദ്വാരപാലകന്‍മാര്‍ക്ക് വിസ്മയമായി. വേദവ്യാസമഹര്‍ഷിയുടെ പുത്രനും മഹാമതിയുമായ ശ്രീശുകന്‍ ഇതാ കണ്‍മുമ്പില്‍ വന്നുനില്ക്കുന്നു. മിഥിലാദേശം സന്ദര്‍ശിക്കാനെത്തുന്ന പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ കാണാന്‍ കഴിയുന്നത് ഇതാദ്യമാണ്. ഇത്രയും കാലം ഈ മഹാജ്ഞാനി മാത്രം എന്തു കൊണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയില്ല. അപ്രതീക്ഷിതമായി ഇപ്പോള്‍ എത്തിയിരിക്കുന്നു. മുനിമാരേയും തപസ്സികളേയും ആനന്ദിപ്പിക്കുന്നതില്‍ മഹാരാജാവിനുള്ള സാമര്‍ത്ഥ്യം ഇന്ന് പരിപൂര്‍ണ്ണമായി പ്രകടിപ്പിക്കപ്പെടും.
ശുകദേവന്‍ വന്നതറിഞ്ഞ് ദ്വാരപാലകന്മാര്‍ ജനകമഹാരാജാവിന്റെ സമീപത്തേയ്ക്ക് കുതിച്ചു. രാജാവിനെ വണങ്ങി വൃത്താന്തം അറിയിച്ചു.
“പ്രഭോ, വ്യാസമഹര്‍ഷ്യുടെ ധീരനായ പുത്രന്‍ ശുകദേവന്‍ കൊട്ടാരവാതില്‍ക്കല്‍ നില്‍ക്കുന്നു!”
ഇതുകേട്ട് ജനകമഹാരാജാവ് അവജ്ഞയോടെ പറഞ്ഞു: “അദ്ദേഹം അവിടെത്തന്നെ നില്ക്കട്ടെ!”
ദ്വാരപാലകന്‍മാര്‍ ഒന്നും മിണ്ടാതെ കവാടത്തിലേയ്ക്കുമടങ്ങി. ശുകദേവന്‍ ജനകമഹാരാജാവിന്റെ അനുമതിയും കാത്ത് അവിടെ തന്നെ ഒരു പ്രതിമയെപ്പോലെ ശാന്തഗംഭീരനായി നിന്നു.
ഏഴുദിവസങ്ങള്‍ കടന്നുപോയി. അതുവരെ ജനകമഹാരാജാവ് തന്റെ അതിഥിയെപ്പറ്റി ആരോടും ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം ശ്രീശുകനെ കൊട്ടാരത്തിന്റെ മുറ്റത്തേയ്ക്കു ക്ഷണിച്ചു.
“കവാടത്തിനു പുറത്തു നില്ക്കുന്ന ശുകദേവനെ കടത്തിവിടൂ!” ജനകന്റെ ആജ്ഞപ്രകാരം കവാടത്തിനു പുറത്തു നിന്ന് അകത്തുകടന്ന ശ്രീശുകദേവന്‍ ഏഴുദിവസം അവിടെ കാത്തു നില്ക്കേണ്ടിവന്നു. ആരും ഒന്നും അന്വേഷിച്ചില്ല. പഴയപടി കാത്തുനിന്നു. വീണ്ടും എട്ടാം ദിവസം അദ്ദേഹത്തെ അന്തഃപുരത്തിലേയ്ക്ക് ക്ഷണിച്ചു. അവിടെയും ഏഴുദിവസങ്ങള്‍ കാത്തുനില്ക്കേണ്ടിവന്നു. എന്നാല്‍ രാജാവ് ശുകദേവന്റെ മുമ്പില്‍ വരികയോ സംസാരിക്കുകയോ എന്തെങ്കിലും അന്വേഷിക്കുകയോ പോലും ചെയ്തില്ല. ഇപ്പോള്‍ ആകെ ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
ഇരുപത്തിരണ്ടാം ദിവസം ജനകമഹാരാജാവ് തന്റെ വിശിഷ്ടാതിഥിയെ കാണുവാനും സ്വീകരിക്കുവാനും തയ്യാറായി. കൊട്ടാരത്തിലെ ഏറ്റവും സുന്ദരികളും യുവതികളുമായ സ്ത്രീകളോട് മനോഹരമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. അവര്‍ വളരെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി. പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറദീപങ്ങള്‍, മുത്തുക്കുടകള്‍, താളമേളങ്ങള്‍, വാദ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവകളെല്ലാം എടുത്ത് അനേക വാല്യക്കാരോടും നൃത്തക്കാരോടുമൊപ്പം വേഗമെത്തി. രാജാവ് അവരോടും വിവിധ പ്രകാരത്തിലുള്ള ഭോജനദ്രവ്യങ്ങളോടും, മറ്റു സുയോഗ്യവസ്തുക്കളോടും കൂടി ശുകദേവന്റെ മുമ്പില്‍ നേരിട്ട് ചെന്ന് സല്‍ക്കാരങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിമാര്‍പോലും കൊതിക്കുന്നതരത്തിലുള്ള ഗംഭീരസ്വീകരണമാണ് ശുകദേവന് രാജാവ് നല്‍കിയത്.
ശുകനെ സ്വര്‍ണ്ണപ്പല്ലക്കില്‍ കയറ്റിയിരുത്തി കൊട്ടാരത്തിനു പ്രദക്ഷിണം നടത്തി. സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് കുളിപ്പിച്ചു. വിശിഷ്ടവസ്ത്രങ്ങള്‍ നല്കി. സ്വാദൂറുന്ന ഭക്ഷണപാനീയങ്ങള്‍ മതിയാവോളം ഒരുക്കിവച്ചു. സുന്ദരിമാരായ യുവതികളെക്കൊണ്ട് ശുശ്രൂഷകള്‍ ചെയ്യിപ്പിച്ചു. അവര്‍ മനോഹരഗാനങ്ങള്‍ പാടി. നൃത്തമാടിത്തിമിര്‍ത്തു. ശുകനെ ലാളിച്ചു.
എന്നാല്‍ ശുകദേവന്‍ സൗമ്യവദനനായി നിലകൊണ്ടു. തനിക്ക് നല്‍കപ്പെട്ട ഭോഗവസ്തുക്കളും ഉഗ്രന്‍ സ്വീകരണങ്ങളുമൊന്നും ആകര്‍ഷണീയങ്ങളായി അദ്ദേഹത്തിനു തോന്നിയില്ല. സുന്ദരാംഗനകളുടെ ലാളനകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സിനെ ഇളക്കാനായില്ല. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളെല്ലാം ശുകദേവന് വെറുക്കപ്പെട്ട വസ്തുക്കളായിരുന്നു. ദൃഢമായ ഒരു വന്‍പര്‍വ്വതത്തിനുമുമ്പില്‍ നേരിയ ഇളം കാറ്റുപോലെയായിപ്പോയി ജനകദേവന്റെ സ്വീകരണപദ്ധതികളെല്ലാം.
ഉറച്ച കരിമ്പാറക്കെട്ടുപോലെ ആത്മാവില്‍ മനസ്സ് ഏകാഗ്രവും ദൃഢവുമാക്കിയവനാണ് ശുകദേവന്‍. ജനകമഹാരാജാവ് കൊണ്ടുവന്ന സുഖഭോഗങ്ങളെല്ലാം ശുകദേവന് നിസ്സാരങ്ങളായിരുന്നു. വളരെ വിധത്തില്‍ പ്രലോഭനങ്ങളെ ഉണ്ടാക്കിയിട്ടും ശുകദേവന്റെ മനസ്സിനെ വ്യതിചലിപ്പിക്കുവാന്‍ രാജാവിനായില്ല.
ശുകദേവന്‍ ഏറ്റവും ശാന്തനായി നിലകൊണ്ടു. തികച്ചും വികാര രഹിതന്‍. പ്രസന്നചിത്തന്‍, സമഭാവനായുക്തന്‍, സംഗദോഷരഹിതന്‍. നിര്‍മ്മലനായ പൂര്‍ണ്ണചന്ദ്രനെപ്പോലെ ശുഭ്രതേജസ്സോടുകൂടിയവന്‍.
താന്‍ ഏര്‍പ്പെടുത്തിയ പ്രലോഭനങ്ങളെ അതിജീവിച്ചു നില്ക്കുന്ന ശുകദേവനെ സമീപിച്ച് ജനകമഹാരാജാവ് ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചു. എന്നിട്ട് എളിമയോടെ തല കുനിച്ചുകൊണ്ട് പറഞ്ഞു:
“മഹാനുഭാവനായ മഹര്‍ഷേ, സാദരനമസ്ക്കാരങ്ങള്‍. അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നവനാണ്. ഇപ്പോള്‍ അങ്ങ് എല്ലാ മനോരഥങ്ങളും നേടിയവനുമായിട്ടിരിക്കുന്നു. ഇനി അവിടുത്തേയ്ക്ക് എന്തെങ്കിലും നേടാനുള്ളതായി നാം കാണുന്നില്ല. എങ്കിലും ഈ സന്ദര്‍ഭത്തില്‍ വിനീതനായി ചോദിക്കുകയാണ്. അങ്ങേയ്ക്ക് എന്തെങ്കിലും ആഗ്രഹം ബാക്കിയായിട്ട് ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും. അവിടുത്തെ ഏതാഗ്രഹത്തെയാണ് ഇനി എന്നാല്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളത്.” ജനകമഹാരാജാവ് ഈ വിധം ഭവ്യതയോടെ ചോദിച്ചു.
ഇതുകേട്ട് ശ്രീശുകന്‍ നിന്നിടത്തു നിന്ന് ഒന്നിളകി. ചെറുതായിട്ടെങ്കിലും മനസ്സു തുറന്ന് വിശാലമായിട്ടൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ജനകമഹാരാജാവിന്റെ മുമ്പിലേയ്ക്ക് നടന്നടുത്ത് ആ പാദങ്ങളില്‍ ദീര്‍ഘദണ്ഡ നമസ്ക്കാരം ചെയ്തു. എഴുന്നേറ്റിട്ട് ജിജ്ഞാസയോടെ പറഞ്ഞു:
“അല്ലായോ ഗുരുശ്രേഷ്ഠ, അടിയന് ചില സംശയങ്ങള്‍ അവശേഷിക്കുന്നു. ഈ സാംസ്കാരിക പ്രപഞ്ചം എങ്ങനെയുണ്ടാകുന്നു? ഇത് എങ്ങനെ വിലയം പ്രാപിക്കുന്നു? ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വേണ്ടതുപോലെ എനിക്ക് ഉപദേശിച്ചു നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.”
“മഹാമുനേ, വ്യാസപുത്രനായ അവിടുത്തേയ്ക്ക് പ്രപഞ്ച നിഗൂഢകളില്‍ സംശയം അവശേഷിക്കുന്നുവെന്നതില്‍ വിസ്മയം തോന്നുന്നു. ഗുരുസ്ഥാനത്തുനിന്ന് ഉപദേശിക്കുവാന്‍ മാത്രം ശക്തനല്ലെന്നിരിക്കിലും കാര്യങ്ങള്‍ പറഞ്ഞുതരാം. കേട്ടാലും.” സന്തോഷപൂര്‍വ്വം ജനകമഹാരാജാവ് ആത്മതത്ത്വം ഉപദേശിക്കുവാന്‍ തുടങ്ങി.
ശുകദേവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. എന്നാല്‍ മഹാരാജാവ് പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ വ്യാസഭഗവാന്‍ ഉപദേശിച്ചതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു. അതിനാല്‍ തെല്ല് മടുപ്പു തോന്നിയ ശുകദേവന്‍ പറഞ്ഞു.
“ഈ കാര്യങ്ങളൊക്കെ എന്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുള്ളവയാണ്. എന്നുമാത്രമല്ല, ഞാന്‍ ആദ്യമേ സ്വയമേവ മനസ്സിലാക്കിയിട്ടുള്ളവയുമാണ്. അങ്ങ് എന്നോട് ഇപ്പോള്‍ പറഞ്ഞതും അതേ കാര്യങ്ങള്‍ തന്നെയാണ്. ശാസ്ത്രങ്ങളിലും ഇതു തന്നെ ഉദ്ഘോഷിക്കുന്നു. ഇനി പറയാം പ്രപഞ്ചമെന്നത് വാസ്തവത്തില്‍ ഇല്ലാത്തതാണ്. മനസ്സിന്റെ സങ്കല്പവികല്പങ്ങളെക്കൊണ്ടാണ് പ്രപഞ്ചത്തിന്റെ ഉല്പത്തിയും നാശവും സംഭവിക്കുന്നത്. സങ്കല്പം കൊണ്ട് പ്രപഞ്ചം ഉല്പന്നമാകുന്നു. അത് നഷ്ടമായാല്‍ പ്രപഞ്ചത്തിനു നാശം സംഭവിക്കുന്നു. ഈ പ്രപഞ്ചം അതിഗര്‍ഹണീയവും വാസ്തവത്തില്‍ ഇല്ലാത്തതുമാണെന്ന് എനിക്കറിയാം. അപ്പോള്‍ പിന്നെ എന്താണ് വാസ്തവത്തില്‍ ഉള്ളത് ? എന്താണ് യഥാര്‍തഥ വസ്തു ? ഈ കാര്യം എനിക്ക് അങ്ങ് വേണ്ടതുപോലെ പറഞ്ഞുതന്നാലും! എന്റെ ചിത്തം ജഗത‍് വിഷയത്തില്‍ ഭ്രമിച്ചു നട്ടം തിരിയുകയാണ്. അങ്ങ് സത്യത്തെ പറഞ്ഞു തന്നാലും. അവിടുത്തെ സദുപദേശംകൊണ്ടു മാത്രമേ എനിക്ക് ശാന്തി ലഭിക്കുകയുള്ളൂ.”
ശുകദേവന്റെ അഭ്യര്‍ത്ഥന കേട്ടിട്ട് ജനകമഹാരാജാവ് ശാന്തനായി ഉപദേശിച്ചു തുടങ്ങി.
“ശുകദേവാ! ഇനി ഞാന്‍ അങ്ങേയ്ക്ക് ജ്ഞാനത്തെപ്പറ്റി സവിസ്തരം ഉപദേശിച്ചു തരാം. യഥാര്‍ത്ഥജ്ഞാനം എല്ലാ ജ്ഞാനങ്ങളുടേയും സാരവും സര്‍വ്വരഹസ്യവുമാകുന്നു. പരമമായ ഈ ജ്ഞാനത്തെ ആര്‍ജ്ജിക്കുന്നവനാണ് യഥാര്‍ത്ഥപുരുഷന്‍. അവന്‍ വളരെവേഗം മുക്ത്യാവസ്ഥയെ പ്രാപിക്കും.”
വാസ്തവത്തില്‍ ഈ ദൃശ്യപ്രപഞ്ചം മനസ്സിന്റെ ഭ്രമം മാത്രമാണ്. ഈ ദൃശ്യപ്രപഞ്ചം ഭ്രമമാണെന്ന് ദൃഢമായി അറിഞ്ഞുകഴിഞ്ഞാല്‍ മനസ്സിന്റെ ഭ്രമം മാറി. അതോടെ അവാസ്തവികവിഷയങ്ങളില്‍നിന്ന് മനസ്സ് വേറിട്ട് ശുദ്ധമായിത്തീരും. ജ്ഞാനം പൂര്‍ണ്ണമായി ലഭിച്ചു കഴിഞ്ഞാല്‍ നിര്‍വ്വാണശക്തി കൈവരുന്നു. അത് മനസ്സിന്റെ നിര്‍വൃതിയാണ്. മനസ്സില്‍ വാസനകള്‍ അല്പം പോലും അവശേഷിക്കരുത്. മനസ്സില്‍ നിന്ന് വാസനകളെ അശേഷേണ ഇല്ലാതാക്കുന്നതാണ് ഏറ്റവും പരമവും ശ്രേഷ്ഠവുമായ ത്യാഗം. വിമലമായ മനസ്സിന്റെ അത്യുദാത്തമായ ത്യാഗപരിസമാപ്തിയുടെ ഫലമാണ് ശ്രേഷ്ഠമായ മോക്ഷാവസ്ഥ.
ശുദ്ധമായ കാമനകളോടും, അര്‍ത്ഥശൂന്യമായ ജീവിതത്തോടും കൂടി ആരാണോ അറിയേണ്ട യഥാര്‍ത്ഥ തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ളത് അവനാണ് ജീവന്മുക്തന്‍. ഹേ, ശുകദേവാ! അറിഞ്ഞാലും. പദാര്‍ത്ഥഭാവനാദാര്‍ഢ്യമാണ് ബന്ധനം. വാസനാനാശം തന്നെ മോക്ഷം.
ജീവന്‍മുക്തനെക്കുറിച്ച് ഇനി വിശദീകരിക്കാം. തപസ്സ് മുതലായ സാധനകള്‍ ഒന്നും അനുഷ്ഠിക്കാതെ തന്നെ സ്വാഭാവികമായി ലോകത്തിലെ സുഖഭോഗങ്ങളില്‍ നിന്ന് വിരക്തനായിരിക്കുന്നവന്‍ ആരാണോ അവനാണ് ജീവന്‍മുക്തന്‍. പ്രാപഞ്ചിക സുഖദുഃഖങ്ങള്‍ ജീവന്‍മുക്തനെ ബാധിക്കുന്നില്ല. അപ്പപ്പോള്‍ ലഭിക്കുന്ന സുഖത്തില്‍ സന്തുഷ്ടിയോ ദുഃഖത്തില്‍ അസന്തുഷ്ടിയോ അനുഭവപ്പെടുന്നില്ല. ഏതവസ്ഥയും ജീവന്‍മുക്തന് ഒന്നുപോലെതന്നെ. കാമം, ക്രോധം, ഹര്‍ഷം, ശോകം തുടങ്ങിയ വികാരങ്ങളില്‍ നിന്ന് വിമുക്തനും അഹങ്കാരയുക്തമായ വാസനയെ സ്വാഭാവികമായിത്തന്നെ പരിത്യജിച്ചവനുമാണ് ജീവന്മുക്തന്‍.
അവന്‍ ചിത്തത്തിന്റെ ഉദാത്തഭാവനയെ ആശ്രയിച്ച് സദാ ത്യാഗിയായിരിക്കും. പദാര്‍ത്ഥങ്ങളില്‍ കാമനകളില്ല. ബാഹ്യവിഷയങ്ങള്‍ മനസ്സിനെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. എപ്പോഴും അന്തര്‍മുഖമായ ദൃഷ്ടി. ശുദ്ധമായ, ശാന്തമായ മനസ്സ്. ചിത്തം സദാ സ്വസ്വരൂപമായ ആത്മാവില്‍ ലയിച്ചിരിക്കുന്നു. ആഗ്രഹമോ ആസക്തിയോ ഇല്ലാത്ത ഉദാസീനഭാവം, പ്രശാന്തഭാവം.
ജീവന്‍മുക്തന്‍ രാഗദ്വേഷരഹിതനും ദുഃഖാദികളില്‍ നിരപേക്ഷനുമാണ്. ധാര്‍മ്മിക കര്‍മ്മങ്ങള്‍ അഅനുഷ്ഠിക്കുന്നവനായി കാണപ്പെടുമെങ്കിലും കര്‍മ്മാസക്തിയോ, ഫലേച്ഛയോ ഉണ്ടായിരിക്കുകയില്ല. അവന്‍ ധര്‍മ്മാധര്‍മ്മങ്ങളില്‍ നിര്‍ലിപ്തനായിരിക്കും. കര്‍മ്മനിരതനെങ്കിലും മോഹരഹിതനും ഉദ്വേഗരഹിതനുമായിരിക്കും. എല്ലാത്തിനും സാക്ഷിയെന്നോണം ജീവിതം നയിക്കും. ആഹാരം, വസ്ത്രധാരണം, ശയനം, ദേഹസംരക്ഷണം തുടങ്ങിയവയിലൊന്നും പ്രത്യേക നിഷ്ക്കര്‍ഷത പുലര്‍ത്തിയില്ല. പുളിപ്പ്, മധുരം, ഉപ്പ്, കയ്പ് എന്നിവയെ വേര്‍തിരിച്ചു പരിഗണിക്കുന്നില്ല. ആഹാരപദാര്‍ത്ഥങ്ങളെ സ്വാദിഷ്ടം, അസ്വാദിഷ്ടം, ദുസ്വാദിഷ്ടം എന്നിങ്ങനെ നോക്കുന്നില്ല. എല്ലാ രസങ്ങളേയും ഒന്നായിക്കരുതി ആഹാരം കഴിക്കുന്നു. ആപത്ത്, ഐശ്വര്യം, ദാരിദ്ര്യം തുടങ്ങിയ വിഭിന്നദശകളില്‍ സമഭാവനയോടുകൂടി എല്ലാ പരിതഃസ്ഥിതികളിലും സന്തുഷ്ടചിത്തനായിരിക്കും. ജനനമരണങ്ങളില്‍ ഹര്‍ഷശോകങ്ങളുണ്ടാകുന്നില്ല. സൃഷ്ടി-സ്ഥിതി-ലയാവസ്ഥകളിലും ഉന്നതി, അവനതികളിലും സമചിത്തനായിരിക്കാന്‍ ജീവന്‍മുക്തനു കഴിയുന്നു. ഒന്നിനോടും മമതയോ ഈര്‍ഷ്യയോ ഇല്ല.
ലോകത്തിലെ എല്ലാ സമ്പദ്സമൃദ്ധികളുടേയും മദ്ധ്യേവിരാജിക്കുന്നവനെങ്കിലും ജീവന്‍മുക്തന്‍ എല്ലാത്തിനേയും പരധനമെന്നപോലെ കരുതി നിസ്പൃഹനായിരിക്കുന്നു. ആത്മാവില്‍മാത്രം പൂര്‍ണ്ണത്വാനുഭൂതിയോടിരിക്കുന്ന ആ മഹാത്മാവിനെയാണ് അറിവുള്ളവര്‍ ജീവന്‍മുക്തനെന്നു വിളിക്കുന്നത്.
ജീവന്മുക്തനായ മഹാത്മാവ് ദേഹമുള്ളിടത്തോളം കാലം ദേഹസ്ഥിതനായി കാണപ്പെടുന്നു. തന്റെ ശരീരത്തെ കാലസാത്ക്കരിച്ചതിനുശേഷം ജീവന്‍മുക്തപദത്തെയും ത്യജിച്ച് നിശ്ചലമായ പവനനെപ്പോലെ വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നു. വിദേഹമുക്താവസ്ഥയില്‍ അഭിവ്യക്തമാകാത്തതും അനിര്‍വ്വചനീയവുമായ സത്ത് മാത്രമാണ് അവശേഷിക്കുന്നത്. അത് അത്യന്തം പൂര്‍ണ്ണമാണ്. ഭാവനാരഹിതമാണ്.
ഹേ ശുകദേവാ,അങ്ങ് ബാഹ്യവും ആഭ്യന്തരവും ആയ ദൃശ്യങ്ങള്‍ കണ്ടിട്ടും അതിനെ കാണാത്തവനായിട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് സമ്പൂര്‍ണ്ണമായ കൈവല്യാവസ്ഥയില്‍ കേവലം സാക്ഷിരൂപത്തില്‍തന്നെ സ്ഥിതിചെയ്യുന്നു. ഇനി എന്താണ് സംശയിക്കുവാനുള്ളത്?
ജനകമഹാരാജാവിന്റെ ഉപദേശങ്ങളെല്ലാം കേട്ട് ശ്രദ്ധയോടിരിക്കുകയായിരുന്നു ശ്രീശുകദേവന്‍. ഇതിനോടകം അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം നശിച്ചു കഴിഞ്ഞിരുന്നു. ശോകം,ഭയം, സംശയം, ഭ്രമം എന്നിവയൊന്നും കൂടാതെ കാമനാഹീനനായി പരമതത്ത്വസ്വരൂപമായ ആത്മാവില്‍ സ്ഥിരചിത്തനായിത്തീര്‍ന്നു.
“പ്രഭോ, ആ തത്ത്വം എന്നില്‍ വിളങ്ങുന്നതായി ഞാനനുഭവിക്കുന്നു.” നിര്‍വികാരനായി ശുകദേവന്‍ മൊഴിഞ്ഞു.
“ഞാന്‍ ധന്യനായി.” ജനകമഹാരാജാവ് സംതൃപ്തിയോടെ സാവധാനം എഴുന്നേറ്റു.
“ഇനി ഞാന്‍ മഹാമേരുവിലേയ്ക്ക് നടക്കട്ടെ.”
“അങ്ങയുടെ നിശ്ചയംപോലെ എല്ലാം സമംഗളം ഭവിക്കട്ടെ.”
ജനകമഹാരാജാവിന്റെ കൊട്ടാരത്തില്‍നിന്ന് ശ്രീശുകദേവന്‍ യാത്ര പറഞ്ഞിറങ്ങി. നേരെ മഹാമേരു പര്‍വ്വതത്തിലെത്തി. അവിടെ വ്യാസഭഗവാന്‍ കാത്തിരിക്കുകയായിരുന്നു. പുത്രന്റെ പ്രശാന്തസുന്ദരമായ ഭാവവും തേജസ്സും കണ്ട് മഹാമുനി സംതൃപ്തനായി.
ശ്രീശുകദേവന്‍ ആയിരം വര്‍ഷം മഹാമേരു പര്‍വ്വതത്തില്‍ വസിച്ച് ആത്മാനുചിന്തനത്തിലൂടെ നിര്‍വ്വികല്പസമാധിയിലെത്തിയ അദ്ദേഹം സങ്കല്പദോഷവിനിര്‍മുക്തനായി. ശുദ്ധസ്വരൂപനായി ആത്മപദത്തില്‍ താദാത്മ്യം പ്രാപിച്ചു.
ഓം തത് സത്
അവലംബം – മഹോപനിഷത്ത് , രണ്ടാം അദ്ധ്യായം
കടപ്പാട് ശ്രേയസ് :http://sreyas.in
No comments:
Post a Comment