സുദര്ശനത്തിന്‍റെ കഥ
സുദര്ശനത്തിന്‍റെ കഥ
സൂര്യദേവന്‍ വിശ്വകര്‍മ്മാവിന്റെ പുത്രിയായ
സംജ്ഞയെ വിവാഹം ചെയ്തു. എന്നാല്‍
ഭര്‍ത്താവിന്റെ ചൂട് അവള്‍ക്ക് സഹിക്കാന്‍
നിര്‍വ്വാഹമില്ലാതായി. സംജ്ഞ പിതാവിനോട്
സൂര്യദേവന്റെ ചൂട് അല്പം കുറച്ചുതരണമെന്ന്
അപേക്ഷിച്ചു. അതനുസരിച്ച് വിശ്വകര്‍മ്മാവ്
സൂര്യനെ ശാണോപലയന്ത്രത്തില്‍
കയറ്റിവച്ച്കടഞ്ഞു.
എന്നാല്‍ യന്ത്രത്തിലിട്ടു കടഞ്ഞിട്ടും സൂര്യതേജസ്സ്
എട്ടിലൊരുഭാഗം കുറക്കാനേ വിശ്വകര്‍മ്മാവിന്
കഴിഞ്ഞുള്ളൂ. അങ്ങിനെ കടഞ്ഞെടുത്ത
സൂര്യതേജസ്സ് അത്യന്തം ജ്വലിച്ച് ഭൂമിയില്‍ പതിച്ചു.
ആ തേജസ്സുകൊണ്ട് വിശ്വകര്‍മ്മാവ്
സുദര്‍ശനചക്രവും തൃശ്ശൂലവും
പുഷ്പകവിമാനവും ശക്തി എന്ന ആയുധവും
നിര്‍മ്മിച്ചു. ത്രിശ്ശൂലം ശിവന്റെ കൈയിലും
പുഷ്പകം കുബേരന്റെ കൈയിലും ശക്തി
ബ്രഹ്മാവിന്റെ കൈയിലും ചെന്നു ചേര്‍ന്നു.
ഏറ്റവും ജ്വലിച്ചുകൊണ്ടിരുന്ന സുദര്‍ശനം
സമുദ്രത്തില്‍ നിക്ഷേപിക്കപ്പെട്ടു.
(വിഷ്ണുപുരാണം)
ഈ സുദര്‍ശനചക്രം മഹാവിഷ്ണുവിന്റെ
കൈയില്‍ വന്ന കഥ മഹാഭാരതത്തില്‍
ഇങ്ങനെയാണ്; ശ്രീകൃഷ്ണനും അര്‍ജ്ജുനനും
യമുനാതീരത്ത് കളിച്ചുരസിച്ചിരിക്കെ അഗ്നിദേവന്‍
അവിടെയെത്തി. ഖാണ്ഡവവനം
തനിക്കാഹാരമായി നല്‍കണമെന്ന് അപേക്ഷിച്ചു.
ദേവേന്ദ്രന്റെ മിത്രമായ തക്ഷകന്‍ ഈ
വനത്തിലാണ് താമസം. അതിനാല്‍ ഇന്ദ്രന്‍ ഈ
വനം പേമാരികോരിച്ചൊരിഞ്ഞ് സംരക്ഷിച്ചു
വരുന്നു.
ദേവേന്ദ്രനെ പരാജയപ്പെടുത്തിവേണം
ഖാണ്ഡവവനം അഗ്നിക്ക് ഭക്ഷണമായി നല്‍കാന്‍.
ഇന്ദ്രനുമായുള്ള യുദ്ധത്തിന് വിശിഷ്ടായുധങ്ങള്‍
നല്‍കാമെന്നായി അഗ്നി. അഗ്നി വരുണനെ സ്മരിച്ച്,
കുരങ്ങ് കൊടിയടയാളമായുള്ള രഥവും
അമ്പൊടുങ്ങാത്ത ആവനാഴിയും ഗാണ്ഡീവം എന്ന
വില്ലും അര്‍ജ്ജുനന് നല്‍കി. സുദര്‍ശനചക്രം
ശ്രീകൃഷ്ണനും നല്‍കി. അങ്ങനെ
കൃഷ്ണാര്‍ജ്ജുനന്മാരുടെ സഹായത്തോടെ
ഖാണ്ഡവവനം അഗ്നിഭഗവാന്‍ ഭക്ഷിച്ചു.
അന്നുതൊട്ട് സുദര്‍ശനം വിഷ്ണുസ്വരൂപനായ
കൃഷ്ണന്റെ കൈവശമായി.
No comments:
Post a Comment