Monday, 2 April 2012


ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചു; പമ്പുകളില്‍ വന്‍തിരക്ക്


പനാജി: ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചതോടെ സംസ്ഥാനവ്യാപകമായി പമ്പുകളില്‍ വന്‍തിരക്ക്. വാഹനങ്ങളിലെല്ലാം നിറയെ പെട്രോള്‍ അടിച്ചതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പല പമ്പുകളും കാലിയായി. ഇതേത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് അധികമായി പെട്രോള്‍ എത്തിക്കേണ്ടിവന്നു. 

മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ പെട്രോളിന്മേലുള്ള വാറ്റ് നികുതി 22 ശതമാനത്തില്‍നിന്ന് 0.1 ശതമാനമാക്കി കുറച്ചതോടെയാണ് ലിറ്ററിന് 11 രൂപവരെ വിലകുറഞ്ഞത്. 65 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വില 54.96 രൂപയായി. അധിക വാറ്റ് നികുതി കൊടുക്കേണ്ടതിനാല്‍ ശനിയാഴ്ച പമ്പുകള്‍ പെട്രോള്‍ സ്വീകരിക്കാതിരുന്നതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. പെട്രോളിന് ക്ഷാമം നേരിട്ടത് താത്കാലികമാണെന്ന് ഗോവ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് പരേഷ് ജോഷി വ്യക്തമാക്കി. 

രാവിലെ എഴുമണിക്കു മുമ്പേ പെട്രോള്‍പമ്പുകളില്‍ വലിയ തിരക്കനുഭവപ്പെട്ടു. പമ്പുകളില്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടേയും നീണ്ടനിര പ്രത്യക്ഷപ്പെട്ടത് ഗതാഗത തടസ്സമുണ്ടാക്കി. പെട്രോളിനുള്ള വാറ്റ് മുഴുവനും എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ സംസ്ഥാനത്തെ വില്പനയുടെ അളവ് മനസ്സിലാക്കാനാണ് തുച്ഛമായ നികുതി ഏര്‍പ്പെടുത്തിയതെന്ന് പരീക്കര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേക്ക് പെട്രോള്‍ കടത്തുന്നത് തടയാന്‍ ഈ തുക വിനിയോഗിക്കും. പെട്രോള്‍വില കുറയ്ക്കുമെന്നത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 

No comments:

Post a Comment