Saturday, 28 April 2012

T.V.R.SHENAY COLUM







ആവര്‍ത്തിക്കരുത് ഈ പ്രതിഭാസം

നിലവിലുള്ള രാഷ്ട്രപതിക്ക് ഒരു കാലാവധി കൂടി അനുവദിക്കണമെന്ന് ആരും പറയാതിരിക്കുന്നത് 2012-ല്‍ മാത്രമാണ്. പിന്തുണയില്ലെന്നത് ഇപ്പോഴത്തെ പ്രഥമ പൗരയ്‌ക്കെതിരെയുള്ള കുറ്റം ചുമത്തല്‍ തന്നെയാണ്. അവര്‍ക്ക് രണ്ടാമതൊരു കാലാവധി കിട്ടുന്നില്ലെന്നത് മാത്രമല്ല, അവരെ എങ്ങനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെന്ന് ചിലരെല്ലാം അത്ഭുതപ്പെടുന്നു.


ഗൃഹാതുരത്വം ഭൂതകാലത്തിന്റെ മാത്രം കാര്യമല്ല, വര്‍ത്തമാന കാലം നന്നേ മോശമാണെന്ന് തുറന്നു സമ്മതിക്കുക കൂടിയാണത്. രാഷ്ട്രപതിഭവനില്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ കാലത്തെപ്പറ്റി ഇത്രയേറെപ്പേര്‍ ഗൃഹാതുരരാകുന്നത് അതുകൊണ്ടാണോ?
1965-ലാണ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എനിക്ക് സ്ഥലംമാറ്റമായത്. 1966 മുതലുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. നിലവിലുള്ള രാഷ്ട്രപതിക്ക് ഒരു കാലാവധി കൂടി അനുവദിക്കണമെന്ന് ആരും പറയാതിരിക്കുന്നത് 2012-ല്‍ മാത്രമാണ്. (രാജീവ് ഗാന്ധിയുടെ അപ്രീതിക്കിരയായ ജ്ഞാനി സെയില്‍ സിങ്ങിന്റെ കാലത്തുപോലും അദ്ദേഹത്തിന്റ കാലാവധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നു)

പിന്തുണയില്ലെന്നത് ഇപ്പോഴത്തെ പ്രഥമ പൗരയ്‌ക്കെതിരെയുള്ള കുറ്റംചുമത്തല്‍ തന്നെയാണ്. അവര്‍ക്ക് രണ്ടാമതൊരു കാലാവധി കിട്ടുന്നില്ലെന്നത് മാത്രമല്ല, അവരെ എങ്ങനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെന്ന് ചിലരെല്ലാം അത്ഭുതപ്പെടുന്നു. അത്ഭുതപ്പെടുന്നവരില്‍ കോണ്‍ഗ്രസ്സുകാരുമുണ്ട്. 2007-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാര്‍ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് അധികാരമുറപ്പിച്ചത്. സി.പി.എമ്മായിരുന്നു ഇടതുപക്ഷത്തെ പ്രധാനികള്‍. ഇടയ്ക്കിടെ സി.പി.ഐ.യും തങ്ങളുടെ സാന്നിധ്യം പ്രകടമാക്കി. അങ്ങനെയൊരവസരത്തിലാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നത്.
പ്രതിസന്ധി മറികടക്കാന്‍ സി.പി.ഐ.യിലെ ഡി.രാജ ചോദിച്ചു:- ''എന്തുകൊണ്ട് ഒരു വനിത ആയിക്കൂടാ?'' മഹാരാഷ്ട്രക്കാരനായ സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ പ്രതിഭാ പാട്ടീലിന്റെ പേര് നിര്‍ദേശിച്ചു, അവരന്ന് രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു.
അക്കാലത്ത് പ്രതിഭാ പാട്ടീലിനെക്കുറിച്ച് അതിലേറെ ആര്‍ക്കെങ്കിലും അറിയാമായിരുന്നോ? ഒറ്റക്കാര്യം മാത്രം ഓര്‍മ വരുന്നു, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് രാജസ്ഥാനിലെ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് അനുമതി നല്‍കാതെ അവര്‍ മാറ്റിവെച്ചു. അവരുടെ ഭര്‍ത്താവിന്റെ പേരിലെ ശെഖാവത്ത്, ബി.ജെ.പി. പിന്തുണച്ച ഭൈരോ സിങ് ശെഖാവത്തിന്റെ പേരുമായി ആശയക്കുഴപ്പത്തിനുമിടയാക്കി. മഹാരാഷ്ട്രക്കാരിയെന്നത് ബി.ജെ.പി.ക്കും ശിവസേനയ്ക്കുമിടയില്‍ വിള്ളലിനും ഇത് കാരണമാക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ആരെയും പിന്താങ്ങുമെന്നായി ശിവസേന.

പ്രതിഭാപാട്ടീലിനെ സ്ഥാനാര്‍ഥിയാക്കാന്‍ മതിയായ കാരണങ്ങളാണ് ഇവയൊക്കെ എന്നു തോന്നിച്ചു. വൈകാതെ വനിതയെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് യു.പി.എ.യും ഇടതുമുന്നണിയും സ്ത്രീകള്‍ക്കുവേണ്ടി തങ്ങളാലാവുന്നത് ചെയ്തു.
2011 മാര്‍ച്ച് മൂന്നിനാണ് പി.ജെ. തോമസിനെ മുഖ്യവിജിലന്‍സ് കമ്മീഷണറായി നിയമിച്ച തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത്. സി.വി.സി. പദവിയുടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വിധിയെന്ന് ന്യായാധിപര്‍ പറഞ്ഞു. ഇത്തരം പദവികളിലേക്ക് നിയമനം നടത്തുമ്പോള്‍ സത്യസന്ധതയ്ക്കായിരിക്കണം പ്രാധാന്യം, ഒപ്പം നിയമിക്കപ്പെടുന്നവരുടെ വ്യക്തിപരമായ സത്യസന്ധതയ്ക്കും.
2007-ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഇടതുമുന്നണിയിലെയോ കോണ്‍ഗ്രസ്സിലെയോ ആരെങ്കിലും പദവിയുടെ സത്യസന്ധത കണക്കിലെടുത്തിരുന്നോ? സ്ഥാനാര്‍ഥിയെയും അവരുടെ കുടുംബാംഗങ്ങളെയും പറ്റിയുള്ള വിവാദങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

2005-ല്‍ ജല്‍ഗാവ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിന്റെ സഹോദരന്‍ ജി.എന്‍. പാട്ടീല്‍, വിശ്രം പാട്ടീലിനോട് തോറ്റു. 2005 സപ്തംബര്‍ 21-ന് വിശ്രം പാട്ടീല്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ രാജു മാലി, രാജു സോനവാണെ എന്നിവര്‍ അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എതിരാളിയായ ജി.എന്‍. പാട്ടീലിന് അതില്‍ പങ്കുണ്ടെന്നും പ്രൊഫ. വിശ്രം പാട്ടീലിന്റെ വിധവ രജനി പാട്ടീല്‍ കുറ്റപ്പെടുത്തി. കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് 2007 ഫിബ്രവരിയില്‍ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയസ്വാധീനമുള്ള ആളുകള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. 2007 ഏപ്രിലില്‍ കേസിലെ പ്രതി രാജുമാലി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ജി.എന്‍. പാട്ടീലിനെതിരെ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാന്‍ 2007 ജൂണില്‍ സി.ബി.ഐ.ക്ക് അനുമതി ലഭിച്ചു.

സഹോദരന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരില്‍ സഹോദരിയെ പഴിചാരാനാവില്ല. എന്നാല്‍, പ്രതിഭാപാട്ടീല്‍ തന്റെ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി രജനി പാട്ടീല്‍ ആരോപിച്ചുവെന്ന വസ്തുത ബാക്കി നില്‍ക്കുന്നു.
പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് ദേവി സിങ് ശെഖാവത്തിനെതിരെ കൊലക്കുറ്റം ആരോപിക്കാനാവില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരു കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. ദേവി സിങ് ശെഖാവത്തുമായി ബന്ധമുള്ള വിദ്യാഭാരതി ശിക്ഷണ്‍ പ്രസാരക് മണ്ഡലിന് കീഴിലെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു കിസന്‍ ധാഗെ. പാവംപിടിച്ച ഈ മനുഷ്യന്‍ എങ്ങനെയോ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി, അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞുവെച്ചു. ധാഗെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ശമ്പളക്കുടിശ്ശിക നല്‍കാന്‍ മാനേജ്‌മെന്റിനോട് കോടതി ഉത്തരവിട്ടു. എന്നാലത് പാലിക്കപ്പെട്ടില്ല. കുടുംബം പട്ടിണിയിലായതോടെ ധാഗെ 1998 നവംബര്‍ 15-ന് വിഷം കഴിച്ച് മരിച്ചു. തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്നാണ് ധാഗെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്. സഹായംതേടി അദ്ദേഹത്തിന്റെ വിധവ കോടതിയിലെത്തി. 2007-ല്‍ പ്രതിഭാ പാട്ടീല്‍ അപ്രതീക്ഷിതമായി യു.പി.എ.യുടെയും ഇടതുമുന്നണിയുടെയും രാഷ്ട്രപതി സ്ഥാനാര്‍ഥിയായി. അവരുടെ ഭര്‍ത്താവ് ദേവിസിങ് ശെഖാവത്ത് അപ്പോള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാളായിരുന്നു. (അദ്ദേഹം പിന്നീട് കേസില്‍ നിന്ന് ഒഴിവായി, പക്ഷേ, 2007-ല്‍ കോണ്‍ഗ്രസ്സിനോ ഇടതുമുന്നണി ക്കോ ഇങ്ങനെ സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുകയി ല്ലല്ലോ)

ജല്‍ഗാവിലെ പ്രതിഭ മഹിളാ സഹകാരി ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് 2003-ലാണ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. പണം തിരിമറി നടത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ഈ ബാങ്കിന്റെ സ്ഥാപകാധ്യക്ഷയാണ് പ്രതിഭാ പാട്ടീല്‍. കിട്ടാക്കടമായ 2.24 കോടി രൂപ അവരുടെ ബന്ധുക്കളുടെ പേരിലാണ്. ആദ്യ സംഭവമല്ല അത്. പ്രതിഭാ പാട്ടീലിന്റെ കുടുംബവുമായി ബന്ധമുള്ള സന്ത് മുക്തബായ് കോ-ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി 20 കോടിയോളം രൂപയുടെ കടത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് അടയ്‌ക്കേണ്ടി വന്നു.
പി.ജെ. തോമസിന്റെ നിയമനം റദ്ദാക്കാനായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ 2007-ല്‍ പാലിച്ചിരുന്നുവെങ്കില്‍ പ്രതിഭാ പാട്ടീല്‍ എന്നെങ്കിലും രാഷ്ട്രപതി ഭവനിലെത്തുമായിരുന്നോ?
പാട്ടീല്‍-ശെഖാവത്ത് ദമ്പതിമാര്‍ രാഷ്ട്രപതിഭവന്റെ പടിചവിട്ടിയ ശേഷവും കുഴപ്പങ്ങള്‍ തുടര്‍ന്നു. 2008-ല്‍ രാഷ്ട്രപതിയുടെ മെക്‌സിക്കോ സന്ദര്‍ശനവേളയില്‍ മകന്‍ രാജേന്ദ്ര സിങ് ശെഖാവത്തും കൂടെയുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. മെക്‌സിക്കോ പ്രസിഡന്റ് ഫെലിപ് കാള്‍ഡ്രോണ്‍ രാഷ്ട്രപതിക്ക് നല്‍കിയ വിരുന്നില്‍ രാജേന്ദ്രസിങ്ങിനായി ഒരുക്കിയ കസേര ഒഴിഞ്ഞു കിടന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. ബിസിനസ് കാര്യങ്ങള്‍ക്കായി അമേരിക്കയിലെ മിയാമിയിലേക്ക് പറന്നതായിരുന്നു രാജേന്ദ്ര സിങ്. മെക്‌സിക്കോയിലെ ആതിഥേയരെ ഇക്കാര്യം അറിയിക്കണമെന്ന കാര്യം പോലും അദ്ദേഹം മറന്നു. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അലവന്‍സ് വാങ്ങാനും അദ്ദേഹം മറന്നോ ആവോ.

രാജേന്ദ്ര സിങ് ശെഖാവത്ത് കഴിഞ്ഞ ഫിബ്രവരിയില്‍ വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളുമായി രണ്ടു പേര്‍ അറസ്റ്റിലായി. അമരാവതിയിലെ കോണ്‍ഗ്രസ് പ്രചാരണത്തിനുള്ള പണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രാജേന്ദ്ര ശെഖാവത്താണ് അവിടത്തെ കോണ്‍ഗ്രസ് എം.എല്‍.എ.

പ്രശ്‌നം പരിശോധിക്കാന്‍ ജില്ലാകളക്ടര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍ക്കും തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാജേന്ദ്രസിങ് എല്ലാം തുറന്നു പറഞ്ഞു. 87 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വിതരണം ചെയ്യാനുള്ളതാണ് പണം. ഓരോരുത്തര്‍ക്ക് ഓരോ ലക്ഷം വീതം. ബാക്കിയുള്ളത് നേരേ കോണ്‍ഗ്രസ്സിന്റെ ഫണ്ടിലേക്ക്.
ഒടുവില്‍ കേട്ടത് പുണെ കന്റോണ്‍മെന്റില്‍ 261000 ചതുരശ്ര അടി ഭൂമി പ്രതിഭ പാട്ടീല്‍ സ്വന്തമാക്കിയതിനെക്കുറിച്ചാണ്. സൈനികാവശ്യങ്ങള്‍ക്കുള്ള ഭൂമിയാണത്. നികുതിദായകരുടെ പണമുപയോഗിച്ച് നിര്‍മിച്ച മന്ദിരം രാഷ്ട്രപതിക്ക് വിരമിച്ചാല്‍ കഴിയാനുള്ള ബംഗ്ലാവാക്കി. റിട്ട.കേണല്‍ സുരേഷ് പാട്ടീല്‍ വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചപ്പോള്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തായത്. അദ്ദേഹത്തിന്റെ പ്രതികരണം എല്ലാം പറയുന്നു-''ഡോ.രാജേന്ദ്ര പ്രസാദ് സ്വന്തം ഭൂമി ആചാര്യ വിനോബ ഭാവെക്ക് സംഭാവന ചെയ്യുകയായിരുന്നു. ഇവിടെയിപ്പോള്‍ പ്രതിഭാപാട്ടീല്‍ സ്വന്തം സൈനികരുടെ ഭൂമി കവരുകയാണ്''
ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഇനിയൊരിക്കല്‍ക്കൂടി രാഷ്ട്രപതിയാകാന്‍ സന്നദ്ധനാകുമോയെന്ന് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തെക്കുറിച്ച് ഗൃഹാതുരരാകാത്തവര്‍ ആരെങ്കിലുമുണ്ടാവുമോ?
2012ലെങ്കിലും കോണ്‍ഗ്രസ്സും ഇടതുമുന്നണിയും രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ കുറച്ച് ശുഷ്‌കാന്തി കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? രാഷ്ട്രപതി പദത്തിന്റെ അന്തസ്സിനെ മാനിക്കാന്‍ അവര്‍ തയ്യാറാകുമോ?

No comments:

Post a Comment