Saturday 20 July 2019

ഗുരുപൂര്‍ണിമ


നന്ദകുമാര്‍ കൈമള്‍
ആഷാഢ മാസത്തെ പൂര്‍ണിമയാണ് ഗുരുപൂര്‍ണിമയായി ആഘോഷിക്കുന്നത്. ഗുരുവിനോടുള്ള തന്റെ കടപ്പാട് പ്രകടിപ്പിക്കുന്നതിനുവേണ്ടി ശിഷ്യന്മാര്‍ തന്റെ ഗുരുവിന്റെ പാദപൂജ ചെയ്ത് ഗുരുദക്ഷിണ അര്‍പ്പിക്കുന്നു. ഗുരുപൂര്‍ണിമ ദിവസം ഗുരു തത്ത്വം മറ്റു ദിവസങ്ങളെക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഗുരുപൂര്‍ണിമയോടനുബന്ധിച്ച് പൂര്‍ണ മനസ്സോടെ സേവയും ഗുരുകാര്യത്തിനായി അര്‍പ്പണവും (ത്യാഗം) ചെയ്യുകയാണെങ്കില്‍ ഗുരുതത്ത്വത്താലുള്ള ഗുണം അധികമായി ലഭിക്കുന്നു. ഈ ദിവസം വ്യാസപൂജയും ചെയ്യുന്നു. (ഈ വര്‍ഷം ഗുരുപൂര്‍ണിമ ജൂലൈ 27-നാണ്).
സത്പുരുഷനും ഗുരുവും
ഏത് വിദ്യ പഠിക്കുന്നതിനും ഒരു അധ്യാപകന്‍ ആവശ്യമാണ്. അധ്യാത്മ വിദ്യക്കും ഇത് ബാധകമാണ്. കണക്ക്, ശാസ്ത്രം, വൈദ്യം എന്നിവ പഠിക്കുന്നതിന് അതാത് മേഖലകളില്‍ പ്രാവീണ്യമുള്ള അധ്യാപകരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അധ്യാത്മം എന്ന സൂക്ഷ്മ തലത്തിലെ വിദ്യ പ്രദാനം ചെയ്യുന്ന സത്പുരുഷന്മാരെയും ഗുരുവിനെയും നമുക്ക് തിരിച്ചറിയാന്‍ സാധ്യമല്ല. അധ്യാപകന്‍, പ്രഭാഷകന്‍ ഇവരില്‍നിന്നും ഗുരു വ്യത്യസ്തനാണ്. ധര്‍മത്തിന്റെ അടിസ്ഥാനപരമായ തത്ത്വങ്ങളെ മനസ്സിലാക്കിത്തരികയും മോക്ഷപ്രാപ്തിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു പ്രകാശ ചൈതന്യമാണ് ഗുരു. പഠിപ്പിക്കാന്‍ അധ്യാപകനില്ലാതെയും പഠന സൗകര്യങ്ങള്‍ ഇല്ലാതെയും ഒരു വിദ്യാര്‍ഥിക്ക് ആധുനിക ശാസ്ത്രം പഠിച്ചെടുക്കുവാന്‍ സാധിക്കുമോ? ഈ സ്ഥിതിയില്‍ ജീവിതകാലം മുഴുവനും ആ കുട്ടി വിദ്യ സമ്പാദിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും, ചിലപ്പോള്‍ ഈ ശ്രമത്തില്‍ കുട്ടിയുടെ വഴി തെറ്റുകയും ചെയ്യും. അന്ധന്മാരുടെ രാജ്യത്ത് കാഴ്ച്ചയുള്ള വ്യക്തിയാണ് അവിടത്തെ രാജാവ്. അതേപോലെ ആധ്യാത്മികപരമായി അന്ധരും അജ്ഞാനികളുമായവരുടെ രാജ്യത്ത് സൂക്ഷ്മ തലത്തിലെ അറിവുള്ള ഗുരുവിന് മാത്രം എല്ലാം കാണാനും അറിയാനുമുള്ള കഴിവുണ്ട്.
‘ഗുരു’ എന്ന വാക്കിന്റെ അര്‍ഥം
ഓരോ ദേവീ-ദേവന്മാര്‍ക്കും വ്യത്യസ്ത ചുമതലകളുണ്ട്, ഉദാ. ഗണപതി ഭഗവാന്‍ വിഘ്‌നഹര്‍ത്താവാണ്, ഹനുമാന്‍ നമ്മളെ അനിഷ്ട ശക്തികളില്‍ നിന്നും സംരക്ഷിക്കുന്നു. എപ്രകാരമാണോ രാജ്യഭരണം എളുപ്പമാകാന്‍ രാജ്യത്ത് സര്‍ക്കാറിന്റെ വ്യത്യസ്ത വിഭാഗങ്ങളുള്ളത്, അതു പോലെ തന്നെയാണ് ഇക്കാര്യവും. ലോകത്ത് ആധ്യാത്മിക പഠനത്തിലും ആധ്യാത്മിക ഉയര്‍ച്ചയിലും മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയെയാണ് ഗുരു എന്ന് പറയുന്നത്. നമ്മുടെ അധ്യാത്മിക നില, ജ്ഞാനം ഗ്രഹിക്കാനുള്ള കഴിവ്, മുതലായവ മനസ്സിലാക്കി ഗുരു നമ്മളെ അടുത്ത പടിയിലേക്ക് ഉയര്‍ത്താനുള്ള മാര്‍ഗദര്‍ശനം നല്‍കുന്നു.
‘ഗുരു’ എന്ന വാക്ക് സംസ്‌കൃതത്തിലെ ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാല്‍ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം;’ ‘രു’ എന്നാല്‍ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാല്‍ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍.’ ഗുരു തന്റെ ശിഷ്യന് ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും നല്‍കുന്നു.
മനുഷ്യരൂപത്തിലെ ഗുരുവിന്റെ ആവശ്യം
നമ്മള്‍ ഓരോരുത്തരും അധ്യാപകന്‍, ഡോക്ടര്‍, വക്കീല്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുന്നു. ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും നമുക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്; എന്നാല്‍ ജനന-മരണ ചക്രത്തില്‍ നിന്നും മോചനം നല്‍കുന്ന ഗുരുവിന്റെ പ്രാധാന്യം എത്രമാത്രം ഉണ്ടാകുമെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും അസാധ്യമാണ്.
ഗുരു നമ്മളെ കഴിഞ്ഞു പോയ സംഭവങ്ങളിലൂടെ, പുസത്കങ്ങളിലൂടെ, കൂടെയുള്ള സുഹൃത്തകള്‍, ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ മുതലായവരിലൂടെ പഠിപ്പിക്കുന്നു. ഗുരുവിന്റെയും ശിഷ്യന്റെയും പരസ്പര ബന്ധം തികച്ചും നിര്‍മ്മലവും നിരപേക്ഷവുമാണ്. തന്റെ ശിഷ്യന്‍ തന്നേക്കാള്‍ ഉന്നതനാകണമെന്ന് ഓരോ യഥാര്‍ഥ ഗുരുവും ആഗ്രഹിക്കുന്നു. അതനുസരിച്ച് വഴി കാട്ടുകയും ചെയ്യുന്നു.
ഗുരു സര്‍വവ്യാപിയാണ്. ആയതിനാല്‍ പ്രത്യക്ഷത്തില്‍ ശിഷ്യന്റെ കൂടെ അല്ലെങ്കിലും ഗുരുവിന് ശിഷ്യനെ സംരക്ഷിക്കാന്‍ സാധിക്കുന്നു. തീവ്രമായ ദുരിതങ്ങള്‍ ഗുരുകൃപ കൊണ്ട് മാത്രം മാറി കിട്ടുന്നു.
മേഘം എല്ലായിടത്തും തുല്യമായി മഴ വര്‍ഷിക്കുമ്പോള്‍ താഴ്ന്നു കിടക്കുന്ന കുഴികളില്‍ ജലം നിറയുകയും ഉയര്‍ന്ന പര്‍വത പ്രദേശങ്ങള്‍ വരണ്ടിരിക്കുകയും ചെയ്യുന്നു. അതു പോലെ സന്യാസിമാരും ഗുരുവും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നില്ല. ഏതൊരു വ്യക്തിയാണോ ആധ്യാത്മ ശാസ്ത്രം പഠിക്കണം, ഉന്നതിയുണ്ടാകണം എന്ന നിര്‍മലമായ ആഗ്രഹത്തോടെ ഇരിക്കുന്നത്, അയാള്‍ മേല്‍പ്പറഞ്ഞ കുഴിയെ പോലെയാണ്. ഇത്തരക്കാര്‍ക്ക് ഗുരുകൃപ നേടുവാനും അത് നിലനിര്‍ത്തുവാനും കഴിയുന്നു.
സര്‍വവ്യാപിയായ ഗുരുവിന് ഓരോ ശിഷ്യനും അടുത്ത നിലയില്‍ എന്താണ് ചെയ്യേണ്ടത് എന്ന ഉള്‍വിളി ഉണ്ടാകുകയും അതനുസരിച്ച് ഓരോ ശിഷ്യനും വേണ്ടുന്ന മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ നമ്മളില്‍ ശിഷ്യനാകുന്നതിനുവേണ്ടി എന്തെല്ലാം ഗുണങ്ങളാണോ ആവശ്യമായിട്ടുള്ളത്, അവ നേടുവാന്‍ വേണ്ടി നിരന്തരം പ്രയത്‌നിക്കേണ്ടതാണ്.
സത്പുരുഷന്മാര്‍ മോക്ഷ മാര്‍ഗം കാണിച്ചു കൊടുക്കുന്നു. സദ്ഗുരു മോക്ഷ കവാടത്തിന്റെ താക്കോല്‍ ശിഷ്യന് നല്‍കുന്നു.
ഗുരുകൃപാ ഹി കേവലം ശിഷ്യ പരമ മംഗളം

No comments:

Post a Comment