Friday, 16 September 2011


ടി.വി.ആര്‍. ഷേണായ്‌അതേ വഴിയില്‍ ബി.ജെ.പി.യും


ഉന്നതസര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കുള്ള കടമ്പകളിലൊന്നാണ് ഇന്റര്‍വ്യൂ. ഈയിടെ നടന്ന സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന്റെ കഥയാണ് പറയാന്‍ പോകുന്നത്. പേരോ തിരിച്ചറിയാന്‍ സഹായകമായ മറ്റു വിവരങ്ങളോ ശ്രദ്ധാപൂര്‍വം ഈ കഥയില്‍ നിന്ന് ഒഴിവാക്കുകയാണ്. 

ഇന്ത്യന്‍ പോലീസ് സര്‍വീസിന് മുന്‍ഗണന കൊടുത്ത ഉദ്യോഗാര്‍ഥികളിലൊരാളെയാണ് ബോര്‍ഡ് ഇന്റര്‍വ്യൂ ചെയ്യുന്നത്. 
ഇന്റര്‍വ്യൂവിനിടെ സംഭാഷണവിഷയം അഴിമതിയിലെത്തി, ഭീകരാക്രമണത്തെയും ഭൂകമ്പത്തെയുമൊക്കെ കവച്ചുവെച്ചുകൊണ്ട് അഴിമതി ആശങ്കയുയര്‍ത്തുന്ന ഇക്കാലത്ത് അതു സ്വാഭാവികമാണ്. ഇന്റര്‍വ്യൂ ബോര്‍ഡിനെ നേരിട്ട യുവാവ് അല്പം പ്രകോപനപരമായ പരാമര്‍ശം നടത്തി. ''എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരേപോലെ അഴിമതിക്കാരാണ്. അവരെയെല്ലാം ഒരേപോലെ ശിക്ഷിക്കുകയും വേണം.''

''ഇന്ത്യന്‍ ശിക്ഷാനിയമത്തിന് 809 പേജുകളുണ്ട്''-ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരംഗം സൗമ്യമായി ചൂണ്ടിക്കാട്ടി. ''സാധാരണ തടവു മുതല്‍ ജീവപര്യന്തം കഠിനതടവു വരെയുള്ള വ്യക്തമായ ശിക്ഷാവിധികളെക്കുറിച്ച് അതില്‍ പ്രതിപാദിക്കുന്നു. താങ്കള്‍ മുന്നോട്ടുവെച്ച ന്യായയുക്തി പ്രകാരം എല്ലാ കുറ്റവും ഒരേപോലെ മോശമാണെന്നും എല്ലാ കുറ്റവാളികളും ഒരേപോലെ ശിക്ഷിക്കപ്പെടണമെന്നുമുള്ള ഒരൊറ്റ പ്രസ്താവനയിലൂടെ നമുക്കത് മാറ്റിയെഴുതാമോ...'' അലസവും അലക്ഷ്യവുമായ ചിന്താഗതിക്ക് ഇക്കാലത്ത് പ്രാമുഖ്യമേറുന്നുവെന്ന് ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് മേല്‍പ്പറഞ്ഞ അധ്യായം ഇവിടെ അവതരിപ്പിച്ചത്. ആ ചിന്താഗതി ശരിയല്ല, എല്ലാ പാര്‍ട്ടികളും ഒരേപോലെ അഴിമതിക്കാരല്ല. ഒരു പാര്‍ട്ടിയിലെ എല്ലാ രാഷ്ട്രീയക്കാരെയും ഒരേപോലെ അഴിമതിക്കാരായി കാണാനുമാവില്ല. എന്നാല്‍, വോട്ടര്‍മാര്‍ ആ വ്യത്യാസം എങ്ങനെ തിരിച്ചറിയും? 'വ്യത്യസ്തതയുള്ള പാര്‍ട്ടി'യെന്നാണ് ഒരുകാലത്ത് ഭാരതീയ ജനതാപാര്‍ട്ടി സ്വയം പുകഴ്ത്തിയത്. എന്നാല്‍, വോട്ടര്‍മാര്‍ അതപ്പടി വിഴുങ്ങാന്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ടു കൂടിയാവണം ബി. ജെ.പി. അവകാശവാദം വൈകാതെ പിന്‍വലിച്ചു. സത്യത്തില്‍ ആ പാര്‍ട്ടി സ്വയം അങ്ങനെ വിശ്വസിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 

ആഗസ്ത് 26ന് അണ്ണ ഹസാരെയുടെ നിരാഹാരസമരത്തിനിടെ മഹിമയില്‍ നിന്നുള്ള തങ്ങളുടെ പതനത്തിന് ബി.ജെ.പി. വീണ്ടും അടിവരയിട്ടു. പാര്‍ട്ടിനേതാക്കളും എം.പി.മാരുമായ ഗോപിനാഥ് മുണ്ടെയും അനന്ത് കുമാറും രാംലീല മൈതാനത്തെത്തി ഹസാരെയുടെ സമരവേദിക്കടുത്ത് കസേരവലിച്ചിട്ട് ഉപവിഷ്ഠരായി. അവരുടെ സാന്നിധ്യമാകണം കിരണ്‍ ബേദിയുടെ പ്രശസ്തമായ ബുര്‍ഖാ നാടകത്തിന് പ്രചോദനമായത്. രാഷ്ട്രീയക്കാര്‍ പൊതുജനങ്ങളോട് ഒന്നു പറയുന്നുവെന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം സമ്മേളിക്കുമ്പോള്‍ മറ്റൊന്ന് പറയുന്നുവെന്നും ആ നാടകത്തില്‍ കിരണ്‍ ബേദി ആരോപിക്കുകയുണ്ടായി. ബി.ജെ.പി.യുടെ രണ്ട് എം.പി.മാരും ജനക്കൂട്ടത്തിന്റെ കൂവലിന് ഇരയായെന്ന് പറയേണ്ടതില്ലല്ലോ. 

രണ്ടുപേരും കോണ്‍ഗ്രസ്സിതര എം.പി.മാരാണെന്ന കാര്യം രാംലീല മൈതാനത്തെ ജനക്കൂട്ടം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്ന് വാദിച്ചേക്കാം. എന്നാല്‍, തിരിച്ചറിഞ്ഞാലും ഗുണമുണ്ടാവുമായിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. ജനങ്ങളുടെ കണ്ണില്‍ ബി.ജെ.പി.യുടെ ധാര്‍മികനിലവാരവും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 

വാജ്‌പേയി മന്ത്രിസഭയുടെ കാലത്തുതന്നെ ചില മന്ത്രിമാര്‍ പണമുണ്ടാക്കുന്നുവെന്ന് അഭ്യൂഹം പതിവായി പ്രചരിച്ചിരുന്നു. അതുസമ്മതിക്കാനുള്ള സത്യസന്ധതയെങ്കിലും ബി.ജെ.പി.കാട്ടണം. ജഗ് മോഹനെ നഗരവികസനമന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്ന് വിനോദസഞ്ചാര വകുപ്പിലേക്ക് തള്ളിയത് അസ്വാസ്ഥ്യജനകമായിരുന്നു. റിയല്‍ എസ്റ്റേറ്റ് ലോബിയുമായി കൈകോര്‍ത്തതിന്റെ പേരിലാണ് നടപടിയെന്നാണ് പറഞ്ഞുകേട്ടത്. 2004-ല്‍ അസ്വസ്ഥത കടുത്ത രോഷത്തിലേക്ക് വളര്‍ന്നു. ഡി.പി. യാദവിനെ പാര്‍ട്ടിയിലെടുക്കുകയും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റു നല്‍കിയതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. യാദവിന്റെ മകനും മരുമകനും നിതീഷ്‌കട്ടാര കൊലക്കേസിലുള്‍പ്പെട്ടവരായിരുന്നു. പൊതുജനങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് നാലു ദിവസത്തിനുശേഷം ബി.ജെ.പി.യുടെ തലയില്‍ നല്ല ബുദ്ധിയുദിച്ചുവെന്നത് വേറെ കാര്യം. 2009-ലെ തിരഞ്ഞെടുപ്പുവേളയില്‍ അഴിമതിയും കള്ളപ്പണവുമാണ് എല്‍.കെ. അദ്വാനി മുഖ്യപ്രചാരണവിഷയങ്ങളാക്കിയത്. എന്നാല്‍, തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടര്‍ന്ന് ബി. ജെ.പി. അവ നിശ്ശബ്ദമായി ഉപേക്ഷിച്ചു. കഴിഞ്ഞവര്‍ഷം ജുഡീഷ്യറിയും മാധ്യമങ്ങളും അവയിലേക്ക് ശ്രദ്ധ ഏകോപിപ്പിക്കുന്നതുവരെ അവര്‍ മഹാമൗനം തുടര്‍ന്നു. 

ബി.ജെ.പി.യുടെ അധഃപതനത്തിന് കര്‍ണാടകത്തിലെ കളികളോളം വലിയ ഉദാഹരണമൊന്നും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. ഹ്രസ്വകാലനേട്ടങ്ങള്‍ക്കായി അവിടെ തത്ത്വങ്ങളും മൂല്യങ്ങളുമൊക്കെ പാര്‍ട്ടി ബലികഴിച്ചു. ജനതാദള്‍ സെക്കുലറുമായി സഖ്യത്തിലെത്തേണ്ടത് ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നോ? പണച്ചാക്കുകളായ ബെല്ലാരി സഹോദരന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം വിട്ടുവീഴ്ചകളുടെ പരമ്പരയ്ക്ക് വഴങ്ങേണ്ടിയിരുന്നോ? ആരോപണവിധേയനായ ബി.എസ്. യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ ആയുസ്സ് ഇത്രയും നീട്ടിക്കൊടുക്കേണ്ടിയിരുന്നോ? ഒടുവില്‍ അനധികൃത ഖനനത്തിന്റെ പേരില്‍ സി.ബി.ഐ. അറസ്റ്റു ചെയ്ത ജനാര്‍ദന റെഡ്ഡിയെ (ബി.വി. ശ്രീനിവാസ് റെഡ്ഡിക്കൊപ്പം) സഹായിക്കാന്‍ ധൃതിപ്പെടേണ്ട കാര്യമുണ്ടായിരുന്നോ? രാജ്യത്തെ അഞ്ചു മികച്ച മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ പതിവായി സ്ഥാനം പിടിക്കുന്നവര്‍ ഗുജറാത്തിലെ നരേന്ദ്രമോഡിയും മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാനും ഛത്തീസ്ഗഢിലെ രമണ്‍സിങ്ങുമാണ്. അതുപോലെ ബി.ജെ. പി.യുമായി സഖ്യത്തില്‍ ഭരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും. എന്നാല്‍, കര്‍ണാടകത്തിലെ അഴുക്കുരാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ അവരുടെ പരിശ്രമം വൃഥാവിലാവുന്നു. 

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പതിവുപ്രതികരണം ഓര്‍മയില്ലേ?
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി? ''കര്‍ണാടകത്തില്‍ ബി.ജെ.പി. എന്താണ് ചെയ്യുന്നത്?''
ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി? ''കര്‍ണാടകത്തില്‍ ബി. ജെ.പി. എന്താണു ചെയ്യുന്നത്?
2 ജി സ്‌പെക്ട്രം ടെലികോം അഴിമതി? ''കര്‍ണാടകത്തില്‍ ബി.ജെ.പി. എന്താണ് ചെയ്യുന്നത്?''

ഇപ്പോള്‍ ബി.ജെ.പി. തിരക്കിട്ട് ഉന്മാദത്തിലെന്നപോലെ ജനാര്‍ദന റെഡ്ഡിയെ പിന്താങ്ങുന്നതു കാണുമ്പോള്‍ പഴയ വാക്യം ആവര്‍ത്തിക്കാന്‍ പോലും കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നില്ല. അവര്‍ക്കു മുന്നില്‍ കുമ്പിടാന്‍ വേണ്ട എല്ലാ പണികളും ബി.ജെ.പി. ചെയ്തുകൂട്ടുന്നുണ്ട്. 

അനധികൃത ഖനനവുമായി ബന്ധപ്പെട്ട സി.ബി.ഐ. കേസ് പരിശോധിക്കുമ്പോള്‍ ഒരു സംഗതി കൂട്ടംതെറ്റി പുറത്തു ചാടും. ആന്ധ്രപ്രദേശിലെ അധികൃതരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നില്ലെങ്കില്‍ ബെല്ലാരി സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഒബലാപുരം മൈനിങ് കമ്പനിക്ക് ഇത്രയേറെ വളരാന്‍ കഴിയുമായിരുന്നില്ല. ഖനിരാജന്മാര്‍ മിന്നല്‍വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ച കാലത്ത് ആന്ധ്രയിലെ കരുത്തനായ മുഖ്യമന്ത്രി കോണ്‍ഗ്രസ്സിലെ വൈ.എസ്. രാജശേഖര റെഡ്ഡിയായിരുന്നു. എന്നിട്ടും ബി.ജെ. പി.യുടെ ഭോഷത്തരം കോണ്‍ഗ്രസ്സിന് പുകമറയായിത്തീര്‍ന്നു. അസുഖകരമായ ചോദ്യങ്ങള്‍ നേരിടുന്നതില്‍ നിന്നൊഴിവാകാന്‍ ഡല്‍ഹിയിലെയും ഹൈദരാബാദിലെയും ഭരണകക്ഷിയെ അതു സഹായിച്ചു.

ന്യായത്തിന്റെ ഏതുകണക്കെടുപ്പിലും ജനാര്‍ദനറെഡ്ഡിയെ അറസ്റ്റു ചെയ്തതിലൂടെ സി.ബി.ഐ. ബി.ജെ.പി.ക്ക് വലിയ സഹായമാണ് ചെയ്‌തെതെന്ന് വ്യക്തമാകും. പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ ഈ നടപടി മറ്റൊരവസരം നല്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനരീതി ബി.ജെ.പി.ക്ക് ഇനി പുനരവലോകനം ചെയ്യാം, ഒഴികഴിവുകള്‍ക്കുമുതിരാതെ അബദ്ധങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു സമ്മതിക്കാം, തിരുത്തല്‍ നടപടി കൈക്കൊള്ളാം, ധാര്‍മികമൂല്യങ്ങളില്‍ നിന്നുള്ള പതനത്തില്‍ നിന്ന് വഴിമാറാം. 

കാലം മാറിക്കഴിഞ്ഞു. അണ്ണ ഹസാരെയുടെ നിരാഹാരസമരം അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധവും ഊര്‍ജവുമാണ് പകര്‍ന്നു നല്‍കിയത്. ''അവരും കുറ്റക്കാരാണെന്ന'' പഴയ തന്ത്രം പയറ്റുന്നത് ഇനിയുള്ള കാലം രാഷ്ട്രീയ മഠയത്തരമായിരിക്കും. 

വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത് മികവുകാട്ടുന്ന സ്ഥാനാര്‍ഥിക്കുതന്നെയാണ്, തമ്മില്‍ ഭേദപ്പെട്ട ചെകുത്താനല്ല. കര്‍ണാടകത്തിലെ മണ്ടത്തരങ്ങള്‍, യു.പി.എ. ഭരണത്തിലെ വലിയ ചെകുത്താന്മാര്‍ക്കെതിരെ വിരല്‍ ചൂണ്ടാനുള്ള ബി.ജെ.പി.യുടെ അവസരമാണ് കളഞ്ഞുകുളിച്ചത്. അതിന്റെ ഫലം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നബുദ്ധിമാന്മാരെ വരെ ''എല്ലാ രാഷ്ട്രീയകക്ഷികളും ഒരേപോലെ അഴിമതിക്കാരാണ്'' എന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. 

ധാര്‍മിക ചുമതലകളെപ്പറ്റി ബി.ജെ.പി. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍പോട്ടെ, ജനങ്ങള്‍ക്കിടയിലെ ഇത്തരമൊരു വികാരം സൃഷ്ടിക്കുന്ന രാഷ്ട്രീയാധഃപതനത്തെക്കുറിച്ചെങ്കിലും ശ്രദ്ധിക്കേണ്ടേ?

എന്തുകൊണ്ട് കോണ്‍ഗ്രസ്സിനുപകരം വോട്ടര്‍മാര്‍ ബി.ജെ.പി.യെ തിരഞ്ഞെടുക്കണം? അതിന് ബി.ജെ.പി. തന്നെയാണ് നമ്മളോട് ഉത്തരം പറയേണ്ടത്. അവരുടെ വാക്കുകളെക്കാള്‍ പ്രവൃത്തികളാണ് മുഴക്കം സൃഷ്ടിക്കേണ്ടത്

No comments:

Post a Comment