Thursday 12 September 2019

അനുപദമനുപദമന്യദേശങ്ങൾ തൻ.........



അനുപദമനുപദമന്യദേശങ്ങൾ തൻ
അപദാനം പാടുന്ന പാട്ടുകാരാ,
ഇവിടുത്തെ മണ്ണിന്റെ മഹിമകൾ പാടുവാൻ
ഇനിയുമില്ലാത്മാഭിമാനമെന്നോ?

അടിമത്തച്ചങ്ങല പൊട്ടിച്ചെറിഞ്ഞുപോൽ
അഭിമാനശാലികളായിപോൽ നാം!
അഭിമാനം! അഭിമാനമന്യദേശങ്ങൾ തൻ
ആപദാനം പാടുന്നതാണുപോലും
അഭിമാനം! അഭിമാനമാത്മചരിത്രത്തി-
ന്നപാദനം ചെയ്യുന്നതാണുപോലും!
മതി മതി, ദേശാഭിമാനത്തിൻ തോലേന്തി
തെളിയായ്ക നീ ശുദ്ധ നന്ദികേടേ

അറികയില്ലല്ലേ നീ, ആത്മാഹുതികളാൽ
അരികളെ തോൽപ്പിച്ച പൂർവ്വികരെ?
അറികയില്ലല്ലേ, നീ, അടരാടിയടരാടി
മരണം വരിച്ചൊരാ സൈനികരെ?
അറിയികയില്ലല്ലേ, നീ, നവയൗവ്വനങ്ങളാൽ
എരിതീയെരിച്ച വനിതകളെ?
അറികയില്ലല്ലേ നീ, മരിച്ചുവീഴുമ്പോഴും
ചിരിചുണ്ടിൽ മായാത്ത മാദകരെ?
മതിമതിയെന്നിട്ടുമന്യദേശങ്ങൾ തൻ
സ്തുതിഗീതം പാടുവോരാണുനിങ്ങൾ

അവരുടെ ചുടുചോര വീണുചുവക്കാത്ത
ചൊരിമണൽപോലുമില്ലെന്റെ നാട്ടിൽ
അവരുടെ ഗർജ്ജനം കേട്ടുതരിക്കാത്ത
മലകളും മരവുമില്ലെന്റെ നാട്ടിൽ
അവരുടെ പോർവിളി കേട്ടു കുലുങ്ങാത്ത
സമരാങ്കങ്ങളില്ലെന്റെ നാട്ടിൽ
അവരുടെ ബന്ധുക്കൾ കണ്ണീരൊഴുക്കാത്ത
ഭവനങ്ങളൊന്നുമില്ലെന്റെ നാട്ടിൽ
ശിവശിവ! എന്നിട്ടുമവരെക്കുറിച്ചുള്ള
കവിതകൾ പാടാൻ കവികളില്ല!

ശരിതന്നെ, പാടേണ്ട പാടേണ്ട പൂർവിക-
ചാരിതാപദാനങ്ങൾ നിങ്ങളാരും
അവരുടെ ആത്മാഭിമാനത്തിന്നാവക
കപടത താങ്ങുവാനാവുകില്ല
അവരുടെ പട്ടടത്തരിമണലെങ്കിലും
അതുമൂകഭാഷയിൽ പാടിടട്ടെ
അവിടെ കിളിർക്കുന്ന പുൽക്കൊടുത്തുമ്പുകൾ
അഭിമാനം കൊണ്ടു ഞെളിഞ്ഞിടട്ടെ
അവരുടെ രക്തത്തിലഭിമാനമുള്ളവർ
അണിനിരന്നണിനിരന്നെത്തിടട്ടെ
അതുമതി വീരരാമവരുടെയാത്മാവി-
ന്നനുപമശാന്തിയതനുഭവിക്കാൻ.

No comments:

Post a Comment