Thursday, 12 September 2019

അനുപദമനുപദമന്യദേശങ്ങൾ തൻ.........



അനുപദമനുപദമന്യദേശങ്ങൾ തൻ
അപദാനം പാടുന്ന പാട്ടുകാരാ,
ഇവിടുത്തെ മണ്ണിന്റെ മഹിമകൾ പാടുവാൻ
ഇനിയുമില്ലാത്മാഭിമാനമെന്നോ?

അടിമത്തച്ചങ്ങല പൊട്ടിച്ചെറിഞ്ഞുപോൽ
അഭിമാനശാലികളായിപോൽ നാം!
അഭിമാനം! അഭിമാനമന്യദേശങ്ങൾ തൻ
ആപദാനം പാടുന്നതാണുപോലും
അഭിമാനം! അഭിമാനമാത്മചരിത്രത്തി-
ന്നപാദനം ചെയ്യുന്നതാണുപോലും!
മതി മതി, ദേശാഭിമാനത്തിൻ തോലേന്തി
തെളിയായ്ക നീ ശുദ്ധ നന്ദികേടേ

അറികയില്ലല്ലേ നീ, ആത്മാഹുതികളാൽ
അരികളെ തോൽപ്പിച്ച പൂർവ്വികരെ?
അറികയില്ലല്ലേ, നീ, അടരാടിയടരാടി
മരണം വരിച്ചൊരാ സൈനികരെ?
അറിയികയില്ലല്ലേ, നീ, നവയൗവ്വനങ്ങളാൽ
എരിതീയെരിച്ച വനിതകളെ?
അറികയില്ലല്ലേ നീ, മരിച്ചുവീഴുമ്പോഴും
ചിരിചുണ്ടിൽ മായാത്ത മാദകരെ?
മതിമതിയെന്നിട്ടുമന്യദേശങ്ങൾ തൻ
സ്തുതിഗീതം പാടുവോരാണുനിങ്ങൾ

അവരുടെ ചുടുചോര വീണുചുവക്കാത്ത
ചൊരിമണൽപോലുമില്ലെന്റെ നാട്ടിൽ
അവരുടെ ഗർജ്ജനം കേട്ടുതരിക്കാത്ത
മലകളും മരവുമില്ലെന്റെ നാട്ടിൽ
അവരുടെ പോർവിളി കേട്ടു കുലുങ്ങാത്ത
സമരാങ്കങ്ങളില്ലെന്റെ നാട്ടിൽ
അവരുടെ ബന്ധുക്കൾ കണ്ണീരൊഴുക്കാത്ത
ഭവനങ്ങളൊന്നുമില്ലെന്റെ നാട്ടിൽ
ശിവശിവ! എന്നിട്ടുമവരെക്കുറിച്ചുള്ള
കവിതകൾ പാടാൻ കവികളില്ല!

ശരിതന്നെ, പാടേണ്ട പാടേണ്ട പൂർവിക-
ചാരിതാപദാനങ്ങൾ നിങ്ങളാരും
അവരുടെ ആത്മാഭിമാനത്തിന്നാവക
കപടത താങ്ങുവാനാവുകില്ല
അവരുടെ പട്ടടത്തരിമണലെങ്കിലും
അതുമൂകഭാഷയിൽ പാടിടട്ടെ
അവിടെ കിളിർക്കുന്ന പുൽക്കൊടുത്തുമ്പുകൾ
അഭിമാനം കൊണ്ടു ഞെളിഞ്ഞിടട്ടെ
അവരുടെ രക്തത്തിലഭിമാനമുള്ളവർ
അണിനിരന്നണിനിരന്നെത്തിടട്ടെ
അതുമതി വീരരാമവരുടെയാത്മാവി-
ന്നനുപമശാന്തിയതനുഭവിക്കാൻ.

Monday, 9 September 2019

അഹോ ദിവ്യ മാതേ മഹോദാര ശീലേ

അഹോ ദിവ്യ മാതേ മഹോദാര ശീലേ 
നമോസ്തും വികേഹേ മഹാ മംഗലേ

വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പ

ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേക്കീ നാരായണത്വം

ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചു നമിച്ചു ജഗത്താകവേ

മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ
പറക്കും പതാകക്ക് കൈ കൂപ്പുവാൻ

ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ
അഗാധങ്ങളാക്കും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരി പ്രൗഡരാലോ
തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ
തപോത്കൃഷ്ട് സംസ്ക്കാര സാമ്രാജ്യമെത്തി

അഹോ കഷ്ടമമ്പേ കഥാമാത്രമായി
ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം

ദിഗന്തങ്ങൾ ഉൾക്കൊണ്ട സാമ്രാജ്യമിപ്പോൾ
ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ

മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം
മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം
മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക
മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക

പൊറുക്കാവതല്ലമ്മേ സിന്ധൂ തടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ

ഇതെന്ത് അംമ്പ പഞ്ചാബവും വംഗവും ഹാ :
പിളർന്നിട്ടു ഇമ്മട്ട് നിർവ്വീര്യ ഭാവം 

ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ
ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടുംശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ

അഹോ ദിവ്യ മാതേ മഹോദാര ശീലേ 
നമോസ്തും വികേഹെ മഹാ മംഗലേ

വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം