ടി.വി.ആര്‍. ഷേണായ്
നിര്‍ണായകമായ ഉത്തര്‍പ്രദേശുള്‍പ്പെടെയുള്ള കുറെ സംസ്ഥാനങ്ങളില്‍
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
സാഹസത്തിന് മുതിരാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന് കാരണങ്ങളേറെ
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
സാഹസത്തിന് മുതിരാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന് കാരണങ്ങളേറെ
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറായി ഗ്രാമത്തില്‍ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു നീതികഥ വീണ്ടും ഓര്‍മയിലെത്തി. 'വടിയോ അതോ ഉള്ളിയോ' എന്നായിരുന്നു അതിന്റെ പേര്.
കഥ ഇങ്ങനെ: പാടത്തുനിന്ന് ഉള്ളി മോഷ്ടിച്ച കള്ളന്‍ പിടിയിലായി. ശിക്ഷ കല്പിച്ചത് ഗ്രാമത്തലവന്‍. രണ്ട് ശിക്ഷകളിലൊന്ന് തിരഞ്ഞെടുക്കാന്‍ കള്ളന് സൗമനസ്യത്തോടെ അദ്ദേഹം അവസരം നല്‍കി. ഒന്നുകില്‍ 50 ചീഞ്ഞ ഉള്ളി ചവച്ചു കഴിക്കുക, അല്ലെങ്കില്‍ വടികൊണ്ട് 50 അടി... കള്ളനാരാ മോന്‍, ഉള്ളി തിന്നാമെന്നായി കക്ഷി. കഴിച്ചുതുടങ്ങിയപ്പോഴല്ലേ കളി മാറിയത്. അഞ്ചെണ്ണമായപ്പോഴേക്കും വായും വയറും എരിഞ്ഞു പുകഞ്ഞ് നില്‍ക്കക്കള്ളിയില്ലാതായി. അതോടെ അടി തന്നാല്‍ മതിയെന്നായി കള്ളന്‍. അഞ്ചടി നടുമ്പുറത്ത് വീണപ്പോഴേക്കും അലറി, ഉള്ളി മതിയേ... ദിവസം മുഴുവന്‍ 'അടിയും ഉള്ളിയും' കളി മാറിമാറി തുടര്‍ന്നു. ഒടുവില്‍ ചെറുചിരിയോടെ ഗ്രാമത്തലവന്‍ ശിക്ഷ അവസാനിപ്പിച്ചപ്പോഴേക്കും 50 അടിയും 50 ഉള്ളിയും കള്ളന്‍ പൂര്‍ത്തിയാക്കിയിരുന്നു.
അറുപതു വര്‍ഷം മുമ്പാണ് ഞാന്‍ ഈ കഥ കേട്ടത്. ആരെങ്കിലും നമ്മുടെ പാവം കള്ളന്റെയത്ര മണ്ടശിരോമണികളാകുമെന്ന് കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ഞാന്‍ കരുതിയിരുന്നില്ല. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ യു.പി.എ. സര്‍ക്കാര്‍ സ്വയം തോണ്ടിയ കുഴിയില്‍ നിന്ന് കരകയറാന്‍ നടത്തുന്ന പെടാപ്പാട് കണ്ടപ്പോള്‍ അങ്ങനെയും സംഭവിക്കാമെന്ന് ബോധ്യമായി.സര്‍ക്കാര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ മുഖത്തു കിട്ടേണ്ട പ്രഹരമാണെന്ന കാര്യത്തില്‍ സംശയമില്ല.
പ്രഹരം പാര്‍ലമെന്റിനുപുറത്ത് ജനാഭിപ്രായത്തിന്റെ കോടതിയിലും തുടരും. ചിലപ്പോള്‍ യഥാര്‍ഥ കോടതിയിലും നിയമയുദ്ധം അരങ്ങേറും (ബാബ രാംദേവിന്റെ നിരാഹാര സമരത്തിനെതിരെയുണ്ടായ പാതിരാനടപടിയെക്കുറിച്ച് സുപ്രീംകോടതി ഡല്‍ഹി പോലീസിനോട് ഇതിനകം വിശദീകരണം തേടിക്കഴിഞ്ഞു.) നിര്‍ണായകമായ ഉത്തര്‍പ്രദേശുള്‍പ്പെടെയുള്ള കുറെ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സാഹസത്തിന് മുതിരാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന് കാരണങ്ങളേറെ.
ഉള്ളി വിഴുങ്ങുന്നതുതന്നെ ഉചിതമെന്ന് കോണ്‍ഗ്രസ് കരുതി; വിഴുങ്ങാനാണെങ്കില്‍ ഏറെയുണ്ട് താനും.ഏപ്രില്‍ ഒമ്പതിന് അണ്ണ ഹസാരെയെ നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചതിലൂടെ ഒരു വെടിയുണ്ടയില്‍നിന്ന് ഒഴിഞ്ഞുമാറാനായെന്ന് കോണ്‍ഗ്രസ് ആശ്വസിച്ചു. അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ തെരുവിലല്ലെങ്കില്‍ ചര്‍ച്ചാമേശയില്‍ കുരുക്കിയിടാമെന്നും അവര്‍ കരുതിയിട്ടുണ്ടാവണം. ഈ ഘട്ടത്തിലാണ് യോഗഗുരു ബാബ രാംദേവ് കോടാലിയിട്ടത്. അണ്ണ ഹസാരെയ്ക്ക് പറ്റിയ എതിരാളിയായി ചില കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹത്തെ കാണുകയും ചെയ്തു. എന്നാല്‍, കരുതിയപോലെ കോണ്‍ഗ്രസ്സിന് എളുപ്പം വഴങ്ങാന്‍ രാംദേവ് തയ്യാറായില്ല. ഫലം കേന്ദ്രം ഡല്‍ഹി പോലീസിനെ ഇറക്കി സമരം അടിച്ചമര്‍ത്തി. (മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ വിമാനത്താവളത്തില്‍ പോയി രാംദേവിനെ വരവേറ്റ നാടകം കഴിഞ്ഞ് നാല് ദിവസത്തിനുള്ളിലായിരുന്നു പോലീസ് നടപടി. കാബിനറ്റ് സെക്രട്ടറിയും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു). വടി ഒഴിവാക്കുന്നതിന് കോണ്‍ഗ്രസ് ആദ്യം ഉള്ളി വിഴുങ്ങാന്‍ നിര്‍ബന്ധിതരായത് ഈ ഘട്ടത്തിലായിരുന്നു.
ഉള്ളി പിന്നീട് കൈപ്പിടിയില്‍നിന്ന് ചിതറിത്തെറിച്ച കഥ ഇങ്ങനെ ചുരുക്കാം: ജൂണ്‍ അഞ്ചിന്റെ സൂര്യോദയത്തിന് മുന്‍പ് മണിക്കൂറുകള്‍ നീണ്ട ബലപ്രയോഗത്തിലൂടെ ഡല്‍ഹി പോലീസ് രാംലീല മൈതാനത്തുനിന്ന് രാംദേവിനെയും സംഘത്തെയും ഓടിച്ചുവിട്ടു. പിറ്റേന്ന് മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ ഇപ്രകാരം പറഞ്ഞു: ''രാജ്യത്തെ യോഗാസനം പഠിപ്പിക്കുന്ന ഒരു സ്വാമി ഞങ്ങളെ രാഷ്ട്രീയാസനം പഠിപ്പിക്കാന്‍ നോക്കേണ്ട.'' ഈ അധ്യായം എല്ലാവര്‍ക്കും ഒരു പാഠമാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. ആഗസ്ത് 15-നകം ലോക്പാല്‍ ബില്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും നിരാഹാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ച അണ്ണ ഹസാരെയെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
ജൂണ്‍ 26: നിയമത്തിന്റെ കരട് തയ്യാറാക്കുന്നതില്‍ ഇനി 'പൗരസമൂഹ'ത്തെ പങ്കാളികളാക്കുന്ന പ്രശ്‌നമില്ലെന്ന് കപില്‍ സിബല്‍ പ്രഖ്യാപിച്ചു- ''ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സര്‍ക്കാര്‍ എല്ലാം പരിശോധിച്ചുകൊണ്ടാണ് ഈ തീരുമാനത്തിലെത്തിയത്. ഇതൊരു കീഴ്‌വഴക്കമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.''
ജൂലായ് 27: ഖഡ്കിയിലെ സിംബയോസിസ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, കോണ്‍ഗ്രസ് വക്താവും ലുധിയാന എം.പി.യുമായ മനീഷ് തിവാരി ഹസാരെയ്‌ക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി- ''അദ്ദേഹത്തിന് വര്‍ണാന്ധത ബാധിച്ചിരിക്കുന്നു. ലോക്പാല്‍ ഒരു വിഷയമേയല്ല.''
ആഗസ്ത്14: അണ്ണ ഹസാരെ പ്രഖ്യാപിച്ച നിരാഹാരത്തില്‍നിന്ന് പിന്‍വാങ്ങാന്‍ തയ്യാറായില്ല. എല്ലാ ശക്തിയുമുപയോഗിച്ച് കോണ്‍ഗ്രസ് കടന്നാക്രമണവും തുടങ്ങി.
നിയമനിര്‍മാണം എന്തിന്റെ അടിസ്ഥാനത്തിലാവണമെന്ന് പാര്‍ലമെന്റിനോട് കല്പിക്കാന്‍ ആര്‍ക്കുമധികാരമില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെരുവിലെ സമരക്കാര്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമില്ലെന്ന് കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ലോകത്തോട് പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാതാക്കളുടെ ജോലിയാണത്. അണ്ണ ഹസാരെയുടെ രണ്ടാം നിരാഹാരസമരത്തെ ആയിരത്തില്‍ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിക്കായിരുന്നു കടന്നാക്രമണത്തിന്റെ പ്രധാന ചുമതല. ''കിസാന്‍ ബാബുറാവു ഹസാരെ എന്ന അണ്ണയോട് ഞങ്ങള്‍ ചോദിക്കാനാഗ്രഹിക്കുകയാണ്. ഏത് മുഖവുമായാണ് താങ്കള്‍ അഴിമതിക്കെതിരെയുള്ള നിരാഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് ? അടിമുടി അഴിമതിയില്‍ മുങ്ങിയയാളാണ് നിങ്ങള്‍. ഇത് ഞങ്ങള്‍ പറയുന്നതല്ല. മുന്‍സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വ്യക്തമാക്കിയതാണ്.'' തിവാരി തുടര്‍ന്നു- ''കുറച്ചു ദിവസം മുമ്പ് അണ്ണയുടെ മുന്‍കാലചരിത്രം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കരസേനയ്ക്ക് അപേക്ഷ ലഭിച്ചു. അത് നല്‍കുന്നതില്‍ എതിര്‍പ്പെന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെട്ട് സേന അണ്ണയ്ക്ക് കത്തെഴുതി. ഈ നിമിഷം വരെ അതിനു മറുപടി ലഭിച്ചിട്ടില്ല.''
കോണ്‍ഗ്രസ് വക്താവ് അവസാനിപ്പിച്ചത് ഇങ്ങനെ: ''വേഷകോലാഹലത്തിന്റെയും ആളുകളുടെ കൈയടി കിട്ടാനുള്ള കസര്‍ത്തിന്റെയും ആശാന്മാര്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഞങ്ങളിന്ന് അതാണ് ചെയ്തത്.'' വ്യക്തിപരമായി പറഞ്ഞാല്‍ മനീഷ് തിവാരി, സൗമ്യനും മൃദുഭാഷിയുമായ വ്യക്തിയാണ്. അഭിഭാഷകജോലി ചെയ്യുന്നയാള്‍. മേല്‍പ്പറഞ്ഞ മട്ടിലുള്ള അധിക്ഷേപശരങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍നിന്ന് വരണമെങ്കില്‍ അതിനുപിന്നില്‍ പാര്‍ട്ടിയുടെ ഉത്തരവുണ്ടായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിവുള്ള അഭിഭാഷകര്‍ ഉത്തരവുകള്‍ പാലിക്കും. എന്നാല്‍, തങ്ങളുടെ കക്ഷികളോട് വിഡ്ഢികളെപ്പോലെ പെരുമാറാന്‍ പാടില്ലെന്ന് ഇടയ്ക്ക് ഓര്‍മിപ്പിക്കുകയും വേണമെന്ന് മഹാന്മാരായ അഭിഭാഷകര്‍ക്കറിയാം. അധിക്ഷേപശരങ്ങളുടെ മുനയൊടിഞ്ഞുവെന്ന് മാത്രമല്ല, മനീഷ് തിവാരിയുടെ വിശ്വാസ്യതയ്ക്ക് കനത്ത തിരിച്ചടിയുമേറ്റു. ഒടുവിലദ്ദേഹം ഹസാരെയോട് പരസ്യമായി മാപ്പ് പറയുന്ന ഘട്ടം വരെയെത്തി അത്.
മനീഷ് തിവാരിയുടെ ആരോപണത്തെത്തുടര്‍ന്ന് സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം കരസേനയോട് ഹസാരെയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടു. അതിനുള്ള പ്രതികരണത്തില്‍ ആരോപണങ്ങളുടെ അംശംപോലും കണ്ടില്ല. കരസേനയിലായിരിക്കുമ്പോള്‍ അണ്ണ ഹസാരെ ഒരു തസ്തികയില്‍നിന്നും ഒളിച്ചോടിയിട്ടില്ല. അദ്ദേഹത്തിനെതിരെ ശിക്ഷാനടപടികളൊന്നുമുണ്ടായിട്ടില്ല. 12 വര്‍ഷത്തെ സൈനികസേവനത്തിനുശേഷം എല്ലാ ആദരവുമേറ്റുവാങ്ങിയാണ് അദ്ദേഹം വിരമിച്ചത്. അണ്ണ ഹസാരെക്ക് അഞ്ച് മെഡലുകള്‍ ലഭിച്ചതായും സേന പറയുന്നു. പ്രശസ്തമായ സംഗ്രാം മെഡലും പശ്ചിമി സ്റ്റാറും അതിലുള്‍പ്പെടുന്നു. (ഹസാരെയുടെ ശിരസ്സിലെ പാട് പാക് സൈന്യത്തിന്റെ വെടിയുണ്ടയേറ്റതാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അനുസ്മരിക്കുന്നു.) ഇനി അഴിമതിയാരോപണങ്ങളുടെ കാര്യം.
ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിതന്നെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചതെന്നറിയുക. അന്വേഷണം നടത്തിയ സുക്തങ്കര്‍ കര്‍മസമിതി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞിട്ടില്ല. താരതമ്യേന ചെറുതും സാങ്കേതികവും മാത്രമാണവ.'' ആരോപണവിധേയമായ ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് എന്തെങ്കിലും ദുരുദ്ദേശ്യമോ സത്യസന്ധമല്ലാത്ത ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കളങ്കരഹിതമായ ചരിത്രമുള്ള ഒരു വിമുക്തഭടനെ പരസ്യമായി അപമാനിക്കുന്നു, അഴിമതിക്കെതിരെ സമരം പ്രഖ്യാപിച്ച ഒരു വയോവൃദ്ധനെ താങ്കള്‍ അടിമുടി അഴിമതിയില്‍ മുങ്ങിയ ആളാണെന്ന് അധിക്ഷേപിക്കുന്നു. അതിലും വലിയ മുറിവ് വേറെയുണ്ടാവുമോ.
അവസാനത്തെ ഉള്ളി കഴിച്ചത് ചരിത്രമുറങ്ങുന്ന ചെങ്കോട്ടയില്‍നിന്നുതന്നെയായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത് ഇങ്ങനെ - ''ചില വ്യക്തികള്‍ നമ്മുടെ രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണ്.'' കാര്യം മനസ്സിലാകാത്തവരുണ്ടാവുമെന്ന് കരുതിയാവണം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''തന്റെ സര്‍ക്കാര്‍ രൂപം കൊടുത്ത ലോക്പാല്‍ ബില്ലിനോട് എതിര്‍പ്പുള്ളവര്‍ ഉപവാസസമരമോ മരണം വരെ നിരാഹാരമോ നടത്തേണ്ടതില്ല.''
എന്നാല്‍, കാര്യങ്ങള്‍ അവിടംകൊണ്ടവസാനിച്ചില്ല. അതേ സന്ധ്യയില്‍ അണ്ണ ഹസാരെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനം നടത്തി. ഒരു വാക്കുപോലും ഉരിയാടാതെ മൗനപ്രാര്‍ഥന നടത്തി. അന്ന് രാവിലെ ഡോ. മന്‍മോഹന്‍ സിങ് നടത്തിയ പ്രഭാഷണത്തേക്കാള്‍ വാചാലമായിരുന്നു ഹസാരെയുടെ മൗനം.
ആഗസ്ത് 16: അന്ന് കാലത്ത് അണ്ണ ഹസാരെയെയും പ്രധാന അനുയായികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. (അതിന്റെ കാരണം ഒരിക്കലും വെളിപ്പെടുത്തിയില്ലെന്നത് വേറെ കാര്യം) അറസ്റ്റിലായവരെ പാര്‍പ്പിച്ചത് തിഹാര്‍ ജയിലില്‍. അഴിമതിക്കേസില്‍ അറസ്റ്റിലായ എ. രാജയെയും സുരേഷ് കല്‍മാഡിയെയും പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലില്‍. ജനരോഷം അണപൊട്ടിയത് അതിവേഗത്തിലും ഉഗ്രശൈലിയിലുമായിരുന്നു. സര്‍ക്കാറിന് നിന്നനില്‍പ്പില്‍ പരക്കം പായേണ്ടിവന്നു. 'ഉത്തരവ്, എതിരുത്തരവ്, അലങ്കോലം' എന്ന പഴയ ശൈലിയുടെ ആവര്‍ത്തനം.
ഉള്ളി വേറെയും കലവറയിലുണ്ടായിരുന്നു. എന്നാലത് മൂത്ത് വിളഞ്ഞതായിരുന്നില്ലെന്നു മാത്രം. അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്യേണ്ടിവന്നത് ''വേദനാജനകമായ ദൗത്യ''മെന്നാണ് ആഭ്യന്തരമന്ത്രി പി. ചിദംബരം വിശേഷിപ്പിച്ചത്. (ആരോപണങ്ങളെല്ലാം പിന്‍വലിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു അത്. പോലീസ് നടപടിയെക്കുറിച്ച് അറിവില്ലായിരുന്നെന്നും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പറഞ്ഞു) കോണ്‍ഗ്രസ്സിന്റെ മറ്റൊരു വക്താവ് റഷീദ് അല്‍വി വിദേശഹസ്തമെന്ന പതിവ് ഉമ്മാക്കിയാണ് പ്രയോഗിച്ചത്. ''രാജ്യത്തെയും സര്‍ക്കാറിനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതെങ്കിലും ശക്തിയുടെ പിന്തുണ ഈ സമരത്തിന് കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു''- അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഈ മട്ടിലുള്ള ആക്രമണം പാര്‍ട്ടി തിരക്കിട്ട് അവസാനിപ്പിച്ചു.
സൗഹാര്‍ദം പുനഃസ്ഥാപിക്കുന്നതിനുമുമ്പ് ഓരോ ഉള്ളിയും വിഴുങ്ങേണ്ടതുണ്ട്. പ്രധാനമന്ത്രിതന്നെ അതിന് തുടക്കം കുറിച്ചു. പ്രശ്‌നകാരികളെന്ന് വിശേഷിപ്പിച്ച അതേ നാവുകൊണ്ട് പാര്‍ലമെന്റില്‍, ഹസാരെയെ സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഹസാരെയുടെ ആശയങ്ങളെ മാനിക്കുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏപ്രിലിനും ആഗസ്തിനുമിടയില്‍ ഒരിക്കല്‍പോലും ഹസാരെയെ മുഖാമുഖം കാണാന്‍ കോണ്‍ഗ്രസ്സിലെ 'മിസ്റ്റര്‍ ക്ലീന്‍' തയ്യാറായില്ല. എന്തുകൊണ്ട് ?
അതിനുള്ള ഉത്തരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ബോധമനസ്സിനുമിടയില്‍പ്പെട്ടുകിടക്കുകയാവണം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ മറ്റൊരു ചോദ്യമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. വടിയോ അതോ ഉള്ളിയോ, ഏതാണ് വേണ്ടത് ?
No comments:
Post a Comment